ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദത്തിൽ. സർബത്ത് ജിഹാദ് എന്ന പദം ഉപയോഗിച്ചാണ് ഇന്ന് രാംദേവ് വിഷം ചീറ്റിയത്. സർബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികൾ നിർമിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം.പതഞ്ജലിയുടെ റോസ് സർബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം.
രാംദേവിന്റെ വിഡിയോ പതഞ്ജലി പ്രൊഡക്ട്സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സർബത്ത് ജിഹാദിന്റെ ഭാഗമായി വിൽക്കുന്ന വിഷ ഉൽപന്നങ്ങളിൽ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സർബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് രാംദേവിന്റെ വിഡിയോയിൽ പറയുന്നത്.
സോഫ്റ്റ് ഡ്രിങ്കുകളേയും രാംദേവ് വിമർശിക്കുന്നുണ്ട്. വേനൽക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വിൽക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച് രാംദേവിന്റെ പ്രതികരണം. ഒരു പ്രത്യേക കമ്പനിയുടെ പേര് പറഞ്ഞ് അവരുടെ ഉൽപന്നങ്ങൾ വാങ്ങുന്നത് മദ്രസകൾക്കും പള്ളികൾക്കും പണം നൽകുന്നതിന് തുല്യമാണെന്നും രാംദേവ് കൂട്ടിച്ചേർത്തു.
പതഞ്ജലിയുടെ റോസ് സർബത്ത് വിൽപനയിലൂടെ ലഭിക്കുന്ന പണം ഗുരുകുലങ്ങൾ, ആചാര്യകുലത്തിനും പതഞ്ജലി യൂനിവേഴ്സിറ്റിക്കും ഭാരതീയ ശിക്ഷ ബോർഡിനുമാണ് നൽകുന്നതെന്നും രാംദേവ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.