മുസ്ലിം ന്യൂനപക്ഷത്തിന്റെ മതവിശ്വാസാനുഷ്ഠാനങ്ങളിൽ ജനാധിപത്യ- ഭരണഘടനാ വിരുദ്ധമായി ഭരണകൂടം നടത്തിയ കൈയേറ്റമായിരുന്നു, പരിഷ്കരിച്ച വഖഫ് ബിൽ അവതരണത്തിലൂടെ രാജ്യവും പാർലമെന്റും കഴിഞ്ഞദിവസം ഉറക്കമിളച്ചിരുന്ന് കണ്ടത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ കഴിഞ്ഞ ഒരു പതിറ്റാണ്ട് അരികുവത്കരിക്കാൻ എല്ലാ ശ്രമവും നടത്തിയശേഷം, അതെല്ലാം അവരുടെ ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടിയാണെന്ന് ഒട്ടും ലജ്ജയില്ലാതെ പ്രഖ്യാപിക്കുകയാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ.
ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും പഠനാവസരങ്ങളുമായി അർഹമായതെല്ലാം വെട്ടിക്കുറച്ച് സമസ്ത മേഖലകളിലും അദൃശ്യരാക്കപ്പെടുന്ന ഒരു ന്യൂനപക്ഷ സമുദായത്തിന്റേതായി, പൈതൃകമായും പാരമ്പര്യമായും വിശ്വാസപരമായും അവശേഷിക്കുന്ന സ്വത്തുക്കൾകൂടി പിടിച്ചുപറിക്കാനുള്ള ഗൂഢാലോചനയുടെ നിർണായക നീക്കമാണ് വഖഫ് ബില്ലെന്നും വിമർശനമുയർന്നിരിക്കുന്നു. ലോക്സഭയും രാജ്യസഭയും പാസാക്കി, അംഗീകാരത്തിനായി രാഷ്ട്രപതിക്ക് സമർപ്പിച്ച പരിഷ്കരിച്ച വഖഫ് ബില്ലിലെ ഭേദഗതികളും അതിലെ ചതിക്കുഴികളും ചർച്ച ചെയ്യുകയാണിവിടെ.
ഡൽഹിയിൽ സർക്കാർ കൈയേറിയ 123 വഖഫ് സ്വത്തുക്കൾ അടക്കം രാജ്യത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ തർക്കങ്ങളിലുള്ളവയിലെല്ലാം വഖഫിനെതിരായ തീർപ്പ് ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന്, മാറ്റം വരുത്തിയ വഖഫ് ബില്ലിലെ വകുപ്പുകൾ വ്യക്തമാക്കുന്നു. ഡീഡ് ഇല്ലാത്തതും വാക്കാലുള്ളതുമായ വഖഫ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പുതിയ വഖഫ് ബിൽ, ഉപയോഗത്തിലൂടെയുള്ള വഖഫ് കൂടി ഇല്ലാതാക്കി.
നിയമം വരുന്നതിന് മുമ്പ് വഖഫായി രജിസ്റ്റർ ചെയ്ത സ്വത്തുക്കൾക്ക് മാത്രമേ ആ സംരക്ഷണം ലഭിക്കൂ എന്നാണ് വിശദീകരിക്കുന്നത്. വഖഫ് സ്വത്തുക്കൾ കൈയേറി 12 വർഷത്തെ ഉപയോഗത്തിലൂടെ അത് സ്വന്തമാക്കാവുന്നതിനുള്ള വഴി കൈയേറ്റക്കാർക്ക് ഒരുക്കിക്കൊടുക്കാനാണ്, അതിന് തടയിട്ട വ്യവസ്ഥ നീക്കം ചെയ്തത്.
കാലങ്ങളായി വഖഫായി ഉപയോഗിച്ചുവരുന്ന പള്ളികളെയും മഖ്ബറകളെയും ദർഗകളെയും ഖബർസ്ഥാനുകളെയും മറ്റു മതസ്ഥാപനങ്ങളെയും അവയുടെ ചരിത്രപരമായ സവിശേഷതപോലും പരിഗണിക്കാതെ വഖഫ് അല്ലാതാക്കാനുള്ള നീക്കമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.
വഖഫ് സ്വത്തുക്കളിൽ തീരുമാനമെടുക്കാനുള്ള അവകാശംപോലും മുസ്ലിം സമുദായത്തിനുണ്ടാകരുത് എന്ന് കണക്കുകൂട്ടിയാണ്, അമുസ്ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന ദുരുപദിഷ്ടമായ വാശി സർക്കാർ നടപ്പാക്കിയതെന്ന് വിമർശനമുയർന്നുകഴിഞ്ഞു.
കേന്ദ്ര വഖഫ് കൗൺസിലിൽ അമുസ്ലിംകളെ ഇരുത്താനുള്ള വഴി തുറന്നുവെച്ചുവെന്നു മാത്രമല്ല, സംസ്ഥാന വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിംകളെ നിർബന്ധമാക്കുകയും ചെയ്തു. കൗൺസിലിലും ബോർഡിലും ഭൂരിപക്ഷം മുസ്ലിംകൾ അല്ലാത്തവർ വരാവുന്ന സാഹചര്യം കൂടി സൃഷ്ടിച്ചാണ് പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഒരുക്കിയിരിക്കുന്നത്.
വഖഫ് നിയമം ഇനി മുതൽ ‘യൂനിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് ആക്ട് 1995 എന്നറിയപ്പെടും.
ശിയ, സുന്നി വഖഫുകൾ കൂടാതെ ആഗാഖാനി വഖഫ്, ബോറ വഖഫ് എന്നിങ്ങനെ നിർവചനം വിപുലപ്പെടുത്തി. അത്തരം വഖഫുകൾ അങ്ങനെ തന്നെ രേഖപ്പെടുത്തും. ആവശ്യമെന്ന് തോന്നിയാൽ അവക്കായി വേറെ വഖഫ് ബോർഡുണ്ടാക്കും.
പുതിയ നിയമം വരുന്നതിന് മുമ്പുള്ള എല്ലാ രജിസ്ട്രേഡ് വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങൾ നിയമം നിലവിൽ വന്ന് ആറ് മാസത്തിനകം നിയമത്തിൽ ആവശ്യപ്പെട്ടത് പ്രകാരം വഖഫിനായുള്ള വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ഏതെങ്കിലും വഖഫ് സ്വത്ത് സർക്കാർ സ്വത്താണോ എന്ന ചോദ്യം ഉയർന്നാൽ അക്കാര്യം കലക്ടർക്കു വിടും. ഇതിൽ കലക്ടർ അന്വേഷണം നടത്തി, അത് സർക്കാർ സ്വത്താണോ അല്ലേ എന്ന പ്രഖ്യാപനം നടത്തും.
മാത്രമല്ല, കലക്ടർ തീരുമാനമെടുക്കുന്നതുവരെ അത് വഖഫ് സ്വത്തായി പരിഗണിക്കപ്പെടുകയുമില്ല. വഖഫ് സ്വത്താണെന്ന് കലക്ടർ തീരുമാനിച്ചാൽ റവന്യൂ രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്തി അദ്ദേഹം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം.
നിലവിൽ വഖഫ് കമീഷണറുടെ മുമ്പാകെയുള്ള വഖഫ് സർവേ നടപടികൾ എല്ലാം ഇനി ജില്ല കലക്ടുടെ മുന്നിലേക്ക് മാറ്റുകയും സംസ്ഥാന റവന്യൂ രേഖകൾ പ്രകാരം കലക്ടർ സർവേ നടത്തി റിപ്പോർട്ട് സർവേ സമർപ്പിക്കുകയും ചെയ്യും.
സർവേ വ്യവസ്ഥകളിൽ സർവേ കമീഷണർ എന്നുപയോഗിച്ച സ്ഥലങ്ങളിലെല്ലാം പുതിയ നിയമത്തിൽ ജില്ല കലക്ടർ ആകും.
22 അംഗ കേന്ദ്ര വഖഫ് കൗൺസിലിൽ എല്ലാവരെയും കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യും. ഇനി തെരഞ്ഞെടുപ്പില്ല.
എ) കേന്ദ്ര മന്ത്രി വഖഫ് എക്സ് ഒഫീഷ്യോ ചെയർപേഴ്സൻ.
ബി) മൂന്ന് എം.പിമാരിൽ ലോക്സഭയിൽ നിന്ന് രണ്ടുപേർ, രാജ്യസഭയിൽ നിന്ന് ഒരാൾ
സി) മുസ്ലിം സമുദായത്തിൽ നിന്ന് മാത്രം നാമനിർദേശം ചെയ്യേണ്ട 10 പേർ. ഇതിൽ രണ്ടുപേർ വനിതകളായിരിക്കണം.
1) ദേശീയ തലത്തിലുള്ള മുസ്ലിം സംഘടനകളെ പ്രതിനിധാനംചെയ്ത് മൂന്നുപേർ
2) സംസ്ഥാന വഖഫ് ബോർഡ് ചെയർപേഴ്സനുമാർ റൊട്ടേഷനിൽ മൂന്നുപേർ
3) അഞ്ചുലക്ഷത്തിലേറെ വരുമാനമുള്ള വഖഫിന്റെ മുതവല്ലിമാരിൽനിന്ന് ഒരാൾ
4) ഇസ്ലാമിക നിയമ പണ്ഡിതരിൽനിന്ന് മൂന്നുപേർ
ഡി) സുപ്രീം കോടതി/ഹൈകോടതി ജഡ്ജിമാരിൽ നിന്ന് രണ്ടുപേർ
ഇ) ദേശീയ തലത്തിലുള്ള ഒരു അഭിഭാഷകൻ
എഫ്) ഭരണ, ധനകാര്യ, എൻജിനീയറിങ്/ആർക്കിടെക്ട്, മെഡിസിൻ മേഖലയിൽനിന്ന് നാലുപേർ
ജി) വഖഫ് കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സെക്രട്ടറി/ജോയന്റ് സെക്രട്ടറി (എക്സ് ഒഫീഷ്യോ)
സംസ്ഥാന /കേന്ദ്രഭരണ പ്രദേശ വഖഫ് ബോർഡുകളിൽ 11 പേരിൽ കവിയരുത്. എല്ലാവരെയും സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യും. സംസ്ഥാന സർക്കാർ നിയമിക്കുന്ന ജോയന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുസ്ലിം ആകണമെന്ന വ്യവസ്ഥയും നീക്കി. ഇനി അമുസ്ലിമിനും വഖഫ് ബോർഡ് സി.ഇ.ഒ ആകാം. ചെയർപേഴ്സനെ അവിശ്വാസം കൊണ്ടുവന്ന് നീക്കാനാവില്ല.
എ) ചെയർപേഴ്സൻ
ബി) സംസ്ഥാനത്തുനിന്നുള്ള ഒരു എം.പി
സി) മുസ്ലിം സമുദായത്തിൽ നിന്ന് മാത്രം നിയമിക്കേണ്ട നാലുപേർ. ഇതിൽ രണ്ടുപേർ വനിതകളായിരിക്കണം
1) ഒരു ലക്ഷത്തിലേറെ വരുമാനമുള്ള വഖഫിന്റെ മുതവല്ലിമാരിൽനിന്ന് ഒരാൾ
2) ഇസ്ലാമിക മത പണ്ഡിതരിൽ നിന്ന് ഒരാൾ
3) പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ തെരഞ്ഞെടുക്കപ്പെട്ട രണ്ടോ അതിലധികമോ ജനപ്രതിനിധികൾ
(ഇങ്ങനെയുള്ളവർ ഇല്ലെങ്കിൽ മുസ്ലിംകളല്ലാത്ത, പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആയാലും മതി)
ഡി) ബിസിനസ് മാനേജ്മെന്റ്, സോഷ്യൽ വർക്ക്, ഫിനാൻസ്, റവന്യൂ, കൃഷി, വികസന മേഖലകളിൽ പരിചയ സമ്പന്നരായ രണ്ടുപേർ
ഇ) ജോയന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരിൽ ഒരാൾ
എഫ്) സംസ്ഥാന ബാർ കൗൺസിൽ അംഗങ്ങളിൽ നിന്ന് ഒരാൾ
ഇതുകൂടാതെ സംസ്ഥാന വഖഫ് ബോർഡിൽ ചുരുങ്ങിയത് ഒരാൾ വീതം സുന്നി, ശിയ, മറ്റു മുസ്ലിം പിന്നാക്ക വിഭാഗങ്ങളിൽനിന്നും വഖഫ് സ്വത്തുക്കളുള്ള ആഗാഖാൻ, ബോറ വിഭാഗങ്ങളിൽനിന്നും വേണം.
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിൽ വഖഫ് ട്രൈബ്യൂണലിന്റെ വിധി അന്തിമമാണെന്ന നിലവിലുള്ള നിയമത്തിലെ വ്യവസ്ഥ നീക്കം ചെയ്തു. ഒരു വർഷം ഒരു ലക്ഷത്തിലേറെ രൂപ വരുമാനമുള്ള ഏത് വഖഫും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി) അതല്ലെങ്കിൽ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥൻ എന്നിവർ നിയോഗിക്കുന്ന ഓഡിറ്റർ ഓഡിറ്റ് ചെയ്യും.
വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിൽ ആവശ്യമായ ഏതുചട്ടവും കേന്ദ്ര സർക്കാറിന് കൊണ്ടുവരാൻ അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർത്തു.
ഈ നിയമം നടപ്പിൽ വരുന്നതിന് മുമ്പോ പിമ്പോ ഏതെങ്കിലും സർക്കാർ സ്വത്ത് വഖഫ് സ്വത്തായി കണ്ടെത്തുകയോ പ്രഖ്യാപിക്കുകയോ ചെയ്താൽ അത് വഖഫ് സ്വത്തായിരിക്കില്ല.
സർക്കാർ എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്ഥാപിച്ച് നിയന്ത്രിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടും.
കാരണമില്ലാതെ വഖഫിന്റെ കണക്ക് രണ്ടുവർഷമായി പരിപാലിക്കാത്ത മുതവല്ലിയെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ, ഒരു വർഷം കണക്ക് സൂക്ഷിക്കാത്ത മുതവല്ലിയെ നീക്കുമെന്നാക്കി. ഒരു മുതവല്ലി യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംഘടനയുടെ അംഗമാണെങ്കിൽ ആ മുതവല്ലിയെ നീക്കം ചെയ്യും.
മുതവല്ലിയെ നീക്കുന്ന നടപടിയിലും വഖഫ് ട്രൈബ്യൂണലിന്റെ തീർപ്പ് അന്തിമമാകില്ല. വഖഫ് സ്വത്ത് പരിപാലനത്തിലെ വീഴ്ചക്ക് മുതവല്ലിമാർക്കുള്ള പിഴ 20,000ത്തിൽനിന്ന് ഒരു ലക്ഷമാക്കി.
അതേസമയം വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഏതെങ്കിലും വഖഫ് സ്വത്ത് സ്ഥിരമായോ താൽക്കാലികമായോ കൈവശപ്പെടുത്തിയാലുള്ള ശിക്ഷയായ രണ്ടുവർഷത്തെ കഠിന തടവ് കേവലം തടവാക്കി ലഘൂകരിച്ചു. വഖഫ് കൈയേറ്റം ജാമ്യമില്ലാത്ത കുറ്റകൃത്യത്തിൽനിന്ന് ജാമ്യം കിട്ടുന്ന കുറ്റകൃത്യമായും മാറ്റി.
പള്ളി, ഈദ്ഗാഹ്, ഇമാംബറ, ദർഗ, ഖാൻഖാഹ്, മഖ്ബറ, ഖബർസ്ഥാൻ, മുസാഫർഖാന എന്നിവക്ക് ഇസ്ലാം അനുഷ്ഠിക്കാത്ത ഒരാൾ സംഭാവന ചെയ്യുന്ന സ്വത്തിന് വഖഫ് സ്വത്തിനുള്ള ചട്ടങ്ങളും നിയമങ്ങളും ബാധകമാക്കുന്ന നിലവിലുള്ള നിയമത്തിലെ 104ാം വകുപ്പ് പൂർണമായും നീക്കം ചെയ്തു. വഖഫ് സ്വത്തുക്കൾക്കുള്ള നിയമ സംരക്ഷണം ഇവക്ക് ഇനിമുതൽ ബാധകമല്ല.
ഏതെങ്കിലും സ്വത്ത് വഖഫാണെന്ന വിവരം ലഭിച്ചാൽ അത് അന്വേഷിക്കാനും പരിശോധനയിൽ അത് വഖഫാണെന്ന് കണ്ടെത്തിയാൽ അക്കാര്യം തീരുമാനിക്കാനും വഖഫ് ബോർഡിന് അധികാരം നൽകുന്നതായിരുന്നു നിലവിലുള്ള നിയമത്തിലെ 40ാം വകുപ്പ്.
ഏതെങ്കിലും ട്രസ്റ്റും സൊസൈറ്റിയും കൈവശം വെച്ചിരിക്കുന്ന സ്വത്ത് വഖഫാണെന്ന വിവരം ലഭിച്ചാൽ അക്കാര്യം പരിശോധിക്കാനും അന്വേഷിക്കാനും വഖഫ് ബോർഡിന് അധികാരം നൽകുന്നതും കൂടിയായിരുന്നു ഈ വകുപ്പ്.
40ാം വകുപ്പ് നീക്കം ചെയ്തതോടെ വഖഫ് സ്വത്തുക്കളെ കുറിച്ചുള്ള ഇത്തരം വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും വഖഫ് ബോർഡിന് അന്വേഷണത്തിനും തുടർ നടപടിക്കും അധികാരമില്ലാതായി. വർഷത്തിൽ വഖഫ് സ്വത്തിൽനിന്നുള്ള വരുമാനത്തിന്റെ വഖഫ് ബോർഡിനുള്ള വിഹിതം ഏഴുശതമാനം എന്നത് അഞ്ചാക്കി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.