ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ അന്ത്യത്തിലേക്ക്. യുക്രെയ്നിലെയും ഹംഗറിയിലെയും ഇന്ത്യൻ എംബസികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഓപറേഷൻ ഗംഗ'യുടെ ഹംഗറിയിൽ നിന്നുള്ള അവസാനഘട്ടം ഞായറാഴ്ചയായിരിക്കുമെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹംഗറിയിൽ നിന്നുള്ള അവസാന വിമാനമായിരിക്കും ഞായറാഴ്ചത്തേതെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും പറഞ്ഞു.
ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ അവരുടെ വിവരങ്ങൾ തങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച 'ഗൂഗ്ൾ ഫോം' വഴി അടിയന്തരമായി അറിയിക്കണമെന്ന് യുക്രെയ്നിലെ എംബസിയും ആവശ്യപ്പെട്ടു. ഓപറേഷൻ ഗംഗയിലൂടെ ഞായറാഴ്ച വരെ 76 വിമാനങ്ങളിലായി 15,920ഓളം പൗരന്മാരെ ഇന്ത്യയിലെത്തിച്ചെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക്.
കിയവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഹർജോത് സിങ് തിങ്കളാഴ്ച ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര മന്ത്രി വി.കെ. സിങ് പറഞ്ഞു. ഓപറേഷൻ ഗംഗ അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുമ്പോൾ സുമിയിൽ ബങ്കറുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള 1000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ പുറത്തിറങ്ങാൻ മാർഗമില്ലാതെ തുടരുകയാണ്.
പുണെ: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള 'ഓപറേഷൻ ഗംഗ' വിജയിക്കാൻ കാരണം ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപറേഷൻ ഗംഗയിലൂടെ ആയിരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതായും സിംബയോസിസ് സർവകലാശാലയുടെയും ആരോഗ്യം ധാമിന്റെയും സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം അദ്ദേഹം പറഞ്ഞു. പല വലിയ രാജ്യങ്ങളും പൗരന്മാരുടെ കാര്യത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുമെന്ന് ചിന്തിക്കാത്ത മേഖലകളിൽ ഇപ്പോൾ ലോകത്തിലെ മുൻനിരക്കാരായി നാം മാറുകയാണ്. മൊബൈൽ, ഇലക്ട്രോണിക് ഉൽപാദനം, പ്രതിരോധ മേഖലകൾ എന്നിവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.