ന്യൂഡൽഹി: റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരായ പീഡന പരാതിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻമാറിയെന്ന് സൂചന. പെൺകുട്ടിയുടെ മൊഴി പുതുതായി രേഖപ്പെടുത്തിയതാണ് ഇത്തരം സംശയങ്ങളിലേക്ക് വഴി നയിച്ചത്. പെൺകുട്ടി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് പുതുതായി മൊഴി നൽകിയിട്ടുണ്ട്. അതിൽ പഴയ മൊഴിയിലെ വിവരങ്ങൾ ആവർത്തിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
കഴിഞ്ഞ ദിവസം മുതിർന്ന ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നേരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെ താരങ്ങൾ ജോലിക്ക് കയറുകയും ചെയ്തു. എന്നാൽ സമരം അവസാനിപ്പിച്ചിട്ടില്ലെന്നും പരാതികളൊന്നും പിൻവലിച്ചിട്ടില്ലെന്നും സമരത്തോടൊപ്പം തങ്ങളുടെ ജോലി കൂടി ചെയ്യുന്നുവെന്നാണ് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതി പിൻവലിച്ചിട്ടില്ലെന്ന് മുതിർന്ന ഗുസ്തി താരം സാക്ഷി മാലിക്ക് പറഞ്ഞതിനു പിന്നാലെയാണ് പെൺകുട്ടി മജിസ്ട്രേറ്റിനു മുമ്പാകെ പുതുതായി മൊഴി നൽകിയിരിക്കുന്നത്. കുടുംബം പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജൂൺ നാലിന് പെൺകുട്ടിയുടെ പിതാവ് വാർത്താ ഏജൻസികളോട് പറഞ്ഞിരുന്നു. താൻ ഡൽഹിയിലോ ഹരിയാനയിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
164ാം വകുപ്പ് പ്രകാരം കുട്ടി പുതിയ മൊഴി നൽകിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് പൊലീസിലും മജിസ്ട്രേറ്റിലും നൽകിയ മൊഴിയിലെ ആരോപണങ്ങൾ പെൺകുട്ടി പിൻവലിച്ചുവെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം, ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നൽകിയ പരാതിയുടെ സമ്മർദം പെൺകുട്ടിക്ക് താങ്ങാനാകുന്നില്ലെന് പിതാവ് പറഞ്ഞിരുന്നു. ഈ സംഭവം അവളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സമാധാനമായി ഇരിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അവൾ അസ്വസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി പ്രകാരമാണ് ബ്രിജ് ഭൂഷനെതിനെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസെടുത്തതിനപ്പുറം ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.