മുംബൈ: മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ അശോക് ചവാൻ കോൺഗ്രസ് വിട്ടു. എം.എൽ.എ സ്ഥാനവും രാജിവെച്ചു. ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. എന്നാൽ, ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും രണ്ടു ദിവസത്തിനകം പുതിയ ദിശ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
27 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ചവാൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്. 2022ൽ ഏക്നാഥ് ഷിൻഡെ വിശ്വാസ വോട്ട് തേടിയപ്പോൾ നിയമസഭയിൽ ‘താമസിച്ചെത്തിയ’ ചവാന് വോട്ട്ചെയ്യാനായിരുന്നില്ല. അന്നു തൊട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു.
തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനപടോലെക്കാണ് ചവാൻ രാജിക്കത്ത് നൽകിയത്. ഒരു മാസത്തിനിടെ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് ചവാൻ. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയിരിക്കെ ചവാന്റെ കൂറുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയാകും. അദ്ദേഹത്തോടൊപ്പമുള്ള 11 എം.എൽ.എമാരെ കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാന്റെ മകനാണ് അശോക് ചവാൻ. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ വിലാസ്റാവു ദേശ്മുഖ് രാജിവെച്ചതോടെയാണ് ചവാൻ മുഖ്യമന്ത്രിയായത്.
എന്നാൽ, ആദർശ് ഫ്ലാറ്റ് കുംഭകോണ കേസിനെ തുടർന്ന് 2010ൽ രാജിവെക്കേണ്ടി വന്നു. 2014ൽ മോദി തംരംഗത്തിൽ പിടിച്ചുനിന്ന രണ്ട് കോൺഗ്രസ് എം.പിമാരിൽ ഒരാളായിരുന്നു. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റു. പിന്നീട് എം.എൽ.എയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.