വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട നാലു വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ ലോണവാലയിൽ വെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോയി കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹവും കണ്ടെത്തി. അദ്‌നാൻ അൻസാരി എന്ന നാലു വയസ്സുകാരന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഒഴുക്കിൽപെട്ട അഞ്ചുപേരും മരിച്ചു.

പുണെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്തെ താമസക്കാരായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (എട്ട്), മരിയ സയ്യദ് (ഒൻപത്) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്.

ലോണവാലയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ഭുഷി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇന്നലെ ഉച്ചക്ക് 12.30ന് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബമൊന്നാകെ ഒഴുക്കിൽപെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പുണെ ജില്ല ഭരണകൂടം വിനോദസഞ്ചാരികൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മാവൽ, മുൾഷി, ഖേഡ്, ജുന്നാർ, ഭോർ, വെൽഹ, അംബേഗാവ് പ്രദേശങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനുമായി സർവേ നടത്തണമെന്ന് കലക്ടർ സുഹാസ് ദിവാസെ നിർദേശിച്ചു.

Tags:    
News Summary - Rescue teams recovered the body of missing child in Lonavala waterfall tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.