റാഞ്ചി: ഝാർഖണ്ഡിൽ ഇൻഡ്യ മുന്നണി അധികാരത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏറ്റവും ഒടുവിലെ ലീഡ് നില പുറത്തുവരുമ്പോൾ ഇൻഡ്യ സഖ്യം 50 സീറ്റുകളിലും എൻ.ഡി.എ 30 സീറ്റുകളിലും ഒരു സീറ്റിൽ സ്വതന്ത്രനും ലീഡ് ചെയ്യുകയാണ്.
ഭരിക്കാനുള്ള മാന്ത്രിക സംഖ്യ 41 ആണ്. അതേസമയം, തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി തേജസ്വി യാദവിന്‍റെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി). സംസ്ഥാനത്ത് മത്സരിച്ച ആറു സീറ്റുകളിൽ അഞ്ചിലും ആർ.ജെ.ഡി സ്ഥാനാർഥികൾ മുന്നിട്ടു നിൽക്കുകയാണ്. ആറു സീറ്റിലും മത്സരിച്ചത് ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെയാണെന്ന പ്രത്യേകതയുമുണ്ട്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് പാർട്ടി സ്ഥാനാർഥി ജയിച്ചത്. ഛത്ര സീറ്റിൽ സത്യാനന്ദ് ഭൊക്തായാണ് ജയിച്ചത്. നിലവിൽ ദിയോഗർ മണ്ഡലത്തിൽ പാർട്ടിയുടെ സുരേഷ് പാസ്വാൻ 19,581 വോട്ടുകൾക്കാണ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ നാരായൺ ദാസാണ് പിന്നിൽ.
ഗൊദ്ദ മണ്ഡലത്തിൽ സഞ്ജയ് പ്രസാദ് 19,867 വോട്ടുകൾക്ക് ബി.ജെ.പി സിറ്റിങ് എം.എൽ.എ അമിത് കുമാർ മണ്ഡലിനേക്കാൾ മുന്നിലാണ്. കോദെർമയിൽ ആർ.ജെ.ഡിയുടെ സുഭാഷ് പ്രസാദ് യാദവ് 3,471 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ നീര യാദവാണ് പിന്നിലുള്ളത്.
ആർ.ജെ.ഡി തലവൻ ലാലു പ്രസാദിന്‍റെ അടുത്ത അനുയായിയാണ് സുഭാഷ്. കള്ളപ്പണക്കേസിൽ അടുത്തിടെയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
ബിശ്റാംപുരിൽ പാർട്ടിയുടെ നരേഷ് പ്രസാദ് സിങ് 5,159 വോട്ടിന് ലീഡ് ചെയ്യുകയാണ്. ഹുസൈനാബാദിൽ സഞ്ജയ് കുമാർ സിങ് യാദവ് 8,213 വോട്ടുകൾക്കും മുന്നേറുന്നു. അതേസമയം, കഴിഞ്ഞ തവണ വിജയിച്ച ഛത്ര സീറ്റിൽ പാർട്ടിയുടെ രഷ്മി പ്രകാശ് നാലായിരം വോട്ടുകൾക്ക് പിന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.