ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ പുതുച്ചേരിയിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് സംഘടിപ്പിച്ചു. പുതുച്ചേരി ആഭ്യന്തരമന്ത്രി നമശിവായം, സിവിൽ സപ്ലൈസ് മന്ത്രി സായ് ശരവണൻ തുടങ്ങിയവർ കാക്കി പാന്റ്സും വെള്ള ഷർട്ടും ധരിച്ച് മാർച്ചിൽ പങ്കെടുത്തു.
കാമരാജർ റോഡിൽനിന്ന് ആരംഭിച്ച മാർച്ചിൽ 500ലധികം പേർ പങ്കെടുത്തു. ശിങ്കാരവേലർ പ്രതിമ പരിസരത്ത് പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. റാലിക്ക് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്.
ഗാന്ധിജയന്തി ദിനത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് നടത്തുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടി ഡി.എം.കെ, കോൺഗ്രസ്, വി.സി.കെ, സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികളുടെ പ്രവർത്തകർ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. 'മഹാത്മഗാന്ധിയെ കൊന്നത് ആർ.എസ്.എസ്' തുടങ്ങിയ പ്ലക്കാർഡുകളും പ്രവർത്തകർ ഉയർത്തിയിരുന്നു.
തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാർ ഒക്ടോബർ രണ്ടിന് ആർ.എസ്.എസ് റൂട്ട് മാർച്ച് നടത്തുന്നതിന് സുരക്ഷകാരണങ്ങളാൽ അനുമതി നൽകിയിരുന്നില്ല. അതേസമയം ബി.ജെ.പിക്ക് പങ്കാളിത്തമുള്ള പുതുച്ചേരി സർക്കാർ അനുമതി നൽകി. നവംബർ ആറിന് തമിഴ്നാട്ടിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് മദ്രാസ് ഹൈകോടതി അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.