ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരായ പടനീക്കത്തിൽ വീണ്ടുമൊരിക്കൽക്കൂടി കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ സ്വയം അനഭിമതനായി മുൻഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്. രാജസ്ഥാനിലെ മുൻ ബി.ജെ.പി സർക്കാറിന്റെ അഴിമതി അന്വേഷിക്കാത്ത ഗെഹ്ലോട്ട് സർക്കാറിനെതിരെ സചിൻ സംഘടിപ്പിച്ച ഉപവാസ സമരത്തെ പാർട്ടി തള്ളിപ്പറഞ്ഞു. പടപ്പുറപ്പാട് സൂചന സമരമാക്കി മാറ്റി സചിന് പിൻവാങ്ങേണ്ടി വന്നു.
രാജസ്ഥാനിൽ മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോൺഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നവിധം സചിൻ സമരത്തിനിറങ്ങിയത്. അശോക് ഗെഹ്ലോട്ടിനെത്തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കമാണ് സചിനെ ചൊടിപ്പിച്ചത്. ബി.ജെ.പിയുടെ അഴിമതിയോടും ഗെഹ്ലോട്ട് സന്ധിചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ഉപവാസ സമരം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിനൊപ്പം സചിൻ പൈലറ്റ് കൂടി നടത്തിയ തീവ്രശ്രമമാണ് കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സചിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ഗെഹ്ലോട്ടിനെ മൂന്നാമൂഴം മുഖ്യമന്ത്രിയാക്കി. സചിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി. ഭരണം പാതിവഴിയെത്തിയ 2020ൽ സചിനും ഒപ്പമുള്ള എം.എൽ.എമാരും നേതൃമാറ്റ വിപ്ലവത്തിന് ഇറങ്ങി. എന്നാൽ, ബഹുഭൂരിപക്ഷം എം.എൽ.എമാർ തനിക്കൊപ്പമാണെന്ന് ഗെഹ്ലോട്ട് തെളിയിച്ചു.
ഗെഹ്ലോട്ടിനെ കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ഹൈകമാൻഡ് നടത്തിയ നീക്കം സചിന്റെ പ്രതീക്ഷകൾ വീണ്ടും മുളപ്പിച്ചെങ്കിലും മുഖ്യമന്ത്രി കസേര വിടാൻ ഗെഹ്ലോട്ട് തയാറായിരുന്നില്ല. കോൺഗ്രസിന്റെ നൂറോളം എം.എൽ.എമാരിൽ സചിനൊപ്പം രണ്ടു ഡസൻ പോലുമില്ലെന്ന യാഥാർഥ്യത്തിനിടയിൽ ഗെഹ്ലോട്ടിനു മുന്നിൽ ഹൈകമാൻഡും തോറ്റുപോയി. സംസ്ഥാനത്തെ പാർട്ടി ഗെഹ്ലോട്ടിനൊപ്പമാണെന്ന തിരിച്ചറിവോടെ വഴങ്ങി നിൽക്കുകയാണ് ഹൈകമാൻഡ്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും കളം ഗെഹ്ലോട്ട് വിട്ടുകൊടുക്കില്ലെന്ന് വന്നതോടെ വീണ്ടും എതിർപ്പുമായി സചിൻ രംഗത്തിറങ്ങുകയായിരുന്നു. എന്നാൽ, ഇത്തവണ സചിനൊപ്പം ഹൈകമാൻഡ് നിന്നില്ല. ബി.ജെ.പി നേതാവ് വസുന്ധര രാജെ നയിച്ച കഴിഞ്ഞ സർക്കാറിന്റെ അഴിമതികൾ അന്വേഷിക്കണമെന്ന ആവശ്യമുയർത്തി ഗെഹ്ലോട്ട് മന്ത്രിസഭക്കെതിരെ സചിൻ നടത്തുന്ന സമരം പാർട്ടിവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് അടുക്കുന്ന നേരത്ത് ഒപ്പമുള്ളവരെ സംരക്ഷിക്കാൻ സചിൻ തന്ത്രപരമായ ഉപവാസമാണ് നടത്തിയത്. എം.എൽ.എമാരെ ആരെയും രക്തസാക്ഷി സ്മാരകത്തിലെ ഉപവാസ വേദിയിലേക്ക് വിളിച്ചില്ല. മാധ്യമങ്ങൾക്കു മുന്നിൽ വായ തുറക്കാതെ, ഉപവാസം മൗനവ്രതമായാണ് നടത്തിയത്. രാവിലെ 11ന് തുടങ്ങിയ സമരം വൈകിട്ട് നാലിന് അവസാനിപ്പിച്ചു. പരിപാടിക്ക് കോൺഗ്രസ് കൊടി ഉപയോഗിച്ചില്ല.
ബി.ജെ.പി സർക്കാറിനെതിരായ സമരത്തിലൂടെ തന്റെ പടപ്പുറപ്പാട് ബി.ജെ.പിയിലേക്കുള്ള യാത്രയല്ലെന്ന് സ്ഥാപിക്കാൻ സചിന് കഴിഞ്ഞു. ഗെഹ്ലോട്ടിന്റെ നേതൃത്വം അംഗീകരിച്ച് കോൺഗ്രസിൽ തുടരാനുള്ള വിമുഖത കൂടി സചിൻ പ്രകടമാക്കിയിരിക്കേ, പുതിയ പാർട്ടി അദ്ദേഹത്തിന്റെ ലക്ഷ്യമാണോ എന്ന ചർച്ചകൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.