ന്യൂഡൽഹി: കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും സമ്മർദത്തിലാക്കി രാജസ്ഥാനിൽ യുവനേതാവ് സചിൻ പൈലറ്റിന്റെ അഴിമതി വിരുദ്ധ പദയാത്ര. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ ലേബൽ വീഴാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടാണ് അഞ്ചു ദിവസത്തെ പദയാത്രക്ക് സചിൻ അജ്മീരിൽ തുടക്കമിട്ടത്. കോൺഗ്രസ് പതാകയില്ല. പാർട്ടി അഖിലേന്ത്യ അധ്യക്ഷന്റെയോ ചിത്രമില്ല. അതേസമയം, ദേശീയപതാക പദയാത്രയിൽ പാറിക്കളിച്ചു. മഹാത്മാ ഗാന്ധി, അംബേദ്കർ, ഭഗത്സിങ് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചിത്രങ്ങളും ഇടംപിടിച്ചു.
ഈ പദയാത്രക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർട്ടി ഒരു പരിപാടി നടത്തിയാൽ അതിൽ കോൺഗ്രസിന്റെ പതാക ഉണ്ടായിരിക്കും. നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടാവും. എ.ഐ.സി.സിയോ സംസ്ഥാന ഘടകമോ പരിപാടിയെക്കുറിച്ച് ഒരു അറിയിപ്പും പ്രവർത്തകർക്ക് നൽകിയിട്ടില്ലെന്നും കോൺഗ്രസ് സംസ്ഥാന വക്താക്കൾ വിശദീകരിച്ചു.
രാജസ്ഥാനിൽ ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ഗെഹ്ലോട്ട്-സചിൻ പോര് പരിധി വിട്ടത്. ബി.ജെ.പി നയിച്ച കഴിഞ്ഞ സർക്കാറിന്റെ കാലത്തെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് സചിൻ പൈലറ്റ് കുറ്റപ്പെടുത്തുന്നു. രാജസ്ഥാൻ പബ്ലിക് സർവിസ് കമീഷന്റെ ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കണമെന്നും സചിൻ ആവശ്യപ്പെടുന്നു. ജയ്പൂരിലേക്ക് 125 കിലോമീറ്റർ നീളുന്നതാണ് പദയാത്ര. അതിനിടെ, പൈലറ്റിന്റെ യാത്ര തുടങ്ങിയ ദിനംതന്നെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിഡിയോ ക്ലിപ് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ‘ജൻ ജൻ കെ മുഖ്യമന്ത്രി’ (ജനങ്ങളുടെ മുഖ്യമന്ത്രി) എന്ന പേരിലാണ് ഒരുസംഘം വിദ്യാർഥികളുടെ ആവശ്യത്തോട് ഗെഹ്ലോട്ട് അനുകൂലമായി പ്രതികരിക്കുന്ന ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചത്. തങ്ങളുടെ കോളജിൽ പുതിയ കോഴ്സ് വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. മറ്റൊരു ട്വീറ്റിൽ ഗെഹ്ലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ദൃശ്യവും പങ്കുവെച്ചു. രണ്ടു വർഷത്തിലധികമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും ശത്രുതയിലാണ്. 2020ൽ പൈലറ്റ് നേതൃമാറ്റത്തിനായി കലാപക്കൊടി ഉയർത്തിയെങ്കിലും ഗെഹ്ലോട്ട് അതിജീവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.