‘പാക് അധീന കശ്മീർ’ ജമ്മു കശ്മീരി​ന്‍റെ ഭാഗമാക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാചാടോപം -സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ,  ജമ്മു കശ്മീരി​ന്‍റെ ഭാഗമാക്കും എന്ന ബി.ജെ.പിയുടെ വാദത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഇതിനെ ‘തെരഞ്ഞെടുപ്പ് വാചാടോപം’ എന്ന് വിശേഷിപ്പിച്ച സച്ചിൻ 10 വർഷം പൂർണ ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ ആ ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് ബി.ജെ.പി സർക്കാറിനെ എന്താണ് തടഞ്ഞതെന്നും ചോദിച്ചു.

ബി.ജെ.പി അധികാരത്തിൽ വന്നാൽ പാക് അധിനിവേശ കശ്മീർ, ജമ്മു കശ്മീരി​​​ന്‍റെ ഭാഗമാകുമെന്ന യോഗി ആദിത്യനാഥി​ന്‍റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. ‘ഒരു സംസ്ഥാനത്തി​ന്‍റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എന്തുകൊണ്ടാണ് ആ പ്രസ്താവന നടത്തുന്നത് എന്നത് എന്നെ അത്ഭുതപ്പെടുന്നു. കഴിഞ്ഞ 10 വർഷമായി അവർ അധികാരത്തിലുണ്ട്. 1994 ൽ ഞങ്ങൾ അധികാരത്തിലിരുന്നപ്പോൾ പാർലമെ​ന്‍റെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ബി.ജെ.പിക്ക് 10 വർഷം പൂർണ ഭൂരിപക്ഷ സർക്കാർ ഉണ്ടായിരുന്നു. ആ നടപടി സ്വീകരിക്കുന്നതിൽനിന്ന് അവരെ തടഞ്ഞതെന്താണ്?- എന്നായിരുന്നു പൈലറ്റി​ന്‍റെ ചോദ്യം. ശ്രദ്ധമാറ്റാനുള്ള തന്ത്രമാണിതെന്നും മൂന്നാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നും പൈലറ്റ് പരിഹസിച്ചു.

ജമ്മുവിലെ ഒരിക്കലും നുഴഞ്ഞുകയറ്റം അനുഭവിച്ചിട്ടില്ലാത്ത പ്രദേശങ്ങൾ ഇപ്പോൾ അത് അനുഭവിക്കുകയാണ്. ഭീകര സംഭവങ്ങളുടെ എണ്ണമെടുത്താൽ ധീരരായ യുവാക്കൾ മരിക്കുന്നു. ഇന്ത്യാ സർക്കാറി​ന്‍റെ വീഴ്ചകൾ കാരണം അവർ രക്തസാക്ഷിത്വം വരിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി വിപുലമായ പ്രചാരണം നടത്തുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരിയാനയിൽ മുമ്പെന്നത്തേക്കാളും വലിയ സീറ്റുകൾ നേടി കോൺഗ്രസ് മുൻകാല റെക്കോർഡുകളെല്ലാം തകർക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹരിയാനയിൽ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന് പൈലറ്റ് പറഞ്ഞു.

നിലവിലെ യാഥാർഥ്യം മനസ്സിലാക്കിയ ബി.ജെ.പി ഉന്നത നേതൃത്വം പ്രചാരണത്തിൽ താൽപര്യക്കുറവ് കാണിക്കുന്നതായും അവകാശപ്പെട്ടു. കശ്മീർ താഴ്‌വരയിലും ജമ്മുവിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ പല ശക്തികളും ശ്രമിച്ചെങ്കിലും കോൺഗ്രസ്-നാഷനൽ കോൺഫറൻസി​ന്‍റെ കൂട്ടായ പ്രചാരണം തങ്ങൾ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sachin Pilot slams BJP's 'PoK pitch' as 'election rhetoric', calls it ploy to divert attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.