ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ ടെലിവിഷനിലെ തത്സമയ കമന്‍ററിയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ. വെള്ളിയാഴ്ച നടന്ന ഇന്ത്യ vs ന്യൂസിലാൻഡ് 2024 വനിതാ ടി-20 ലോകകപ്പ് മത്സരത്തിനിടെയുള്ള കമന്‍ററിയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള കളിക്കാരെ കുറിച്ച് തനിക്ക് ആഴത്തിലുള്ള അറിവില്ലെന്ന് മഞ്ജരേക്കർ പറഞ്ഞതാണ് വിവാദമായത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് യൂനിറ്റിനെക്കുറിച്ച് മഞ്ജരേക്കർ സംസാരിക്കുമ്പോഴായിരുന്നു അത്. മുൻ പഞ്ചാബ് താരവും ടീമിന്റെ ഫീൽഡിങ് പരിശീലകനുമായ മുനിഷ് ബാലിയെ കുറിച്ച് സഹ കമന്‍റേറ്റർ സംസാരിച്ചപ്പോഴാണ് അദ്ദേഹത്തെ തിരിച്ചറിയുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് മഞ്ജരേക്കർ പറഞ്ഞത്.
‘ക്ഷമിക്കണം, എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള കളിക്കാരെ ഞാൻ അധികം ശ്രദ്ധിക്കാറില്ല’ - എന്ന് മഞ്ജരേക്കർ ലൈവായി പറഞ്ഞു. എന്നാൽ, സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഈ അഭിപ്രായം അത്ര ഇഷ്ടപ്പെട്ടില്ല. പക്ഷപാതപരമായ അഭിപ്രായമായി വ്യാഖ്യാനിച്ച് മുൻ മുംബൈ ബാറ്റ്സ്മാനെ ക്രിക്കറ്റ് ആരാധകർ വിമർശിച്ചു. ‘ഉത്തരേന്ത്യൻ ക്രിക്കറ്റർമാരോട് എന്തിനാണ് ഇത്ര വെറുപ്പ്?’ എന്നായിരുന്നു ഒരു ചോദ്യം. ‘ദയനീയം. ഇയാളെ ഉടൻ പിരിച്ചുവിടണം’ എന്നാണ് മറ്റൊന്ന്. ‘മുംബൈ ലോബി’യെന്നായിരുന്നു വേറൊരു പ്രതികരണം.
ഇന്ത്യ ന്യൂസിലാന്‍ഡിനോട് 58 റൺസിന്റെ വൻ തോൽവിയേറ്റുവാങ്ങിയ കളിയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഫീൽഡ് അമ്പയർമാരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നയിച്ച ഡെഡ് ബോൾ വിവാദവും അരങ്ങേറി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പഞ്ചാബ് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.