അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പരോൾ തേടി സായിബാബ

മുംബൈ: മാവോവാദി ബന്ധത്തിന്‍റെ പേരിൽ നാഗ്​പുർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മുൻ ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ സായിബാബ പരോൾ തേടി ബോംബെ ഹൈക്കോടതിയിൽ. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈക്കോടതിയുടെ നാഗ്​പുർ ബെഞ്ചിനെയാണ്​ സമീപിച്ചത്​. പരോൾ സംബന്ധിച്ച്​ അടുത്ത ചൊവ്വാഴ്​ചക്കകം നിലപാടറിയിക്കാൻ കോടതി മഹാരാഷ്​ട്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നിനാണ്​ 74 കാരിയായ അമ്മ ഹൈദരാബാദിൽ മരിച്ചത്​. അമ്മ മരിക്കുന്നതിന്​ മുമ്പും മരിച്ചപ്പോഴും സായിബാബ പരോൾ തേടിയെങ്കിലും ജയിൽ അധികൃർതർ നൽകിയില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വീണ്ടും പരോൾ തേടിയതും തള്ളി. ഇതോടെയാണ്​ കോടതിയെ സമീപിച്ചത്​. അമ്മ മരിക്കുന്നതിന്​ മുമ്പ്​ വീഡിയോ കോൺഫറൻസ്​ വഴി കാണാനുള്ള അവസരവും ജയിൽ അധികൃതർ നിഷേധിച്ചു.

90 ശതമാനം അംഗപരിമിതനാണ്​ സായിബാബ. 2017 ൽ ഗഡ്​ചിറോളി സെഷൻസ്​ കോടതിയാണ്​ മാവോവാദി ബന്ധം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ എന്നീ കുറ്റങ്ങൾക്ക്​ സായിബാബക്കും മറ്റ്​ അഞ്ച്​ പേർക്കും ജീവപര്യന്തം തടവ്​ വിധിച്ചത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.