‘വിവാഹം മുടങ്ങി; ​ജോലി നഷ്ടമായി’; സെയ്ഫ് അലി ഖാൻ കേസിൽ കസ്റ്റഡിയിലെടുത്തതോടെ ജീവിതം തകർ​ന്നെന്ന പരാതിയുമായി യുവാവ്

‘വിവാഹം മുടങ്ങി; ​ജോലി നഷ്ടമായി’; സെയ്ഫ് അലി ഖാൻ കേസിൽ കസ്റ്റഡിയിലെടുത്തതോടെ ജീവിതം തകർ​ന്നെന്ന പരാതിയുമായി യുവാവ്

മുംബൈ: സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തതോടെ തന്റെ ജീവിതം പൂർണമായും ദുസ്സഹമായെന്ന പരാതിയുമായി യുവാവ്. ഇതേതുടർന്ന് ജോലി നഷ്ടമായെന്ന് പറഞ്ഞ യുവാവ്, നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയെന്നും കൂട്ടിച്ചേർത്തു.

ഡ്രൈവറായ ആകാശ് കനോജിയയെ മുംബൈ ലോക്മാന്യ തിലക്-കൊല്‍ക്കത്ത ഷാലിമാര്‍ ജ്ഞാനേശ്വരി എക്സ്പ്രസില്‍നിന്ന് (31) ജനുവരി 18 നാണ് മുംബൈ പൊലീസിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ദുര്‍ഗ് സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസമാണ് ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്‍ലാം ഷെഹ്സാദ് എന്ന വിജയ് ദാസിനെ താനെയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനുശേഷമാണ് റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കനോജിയയെ നിബന്ധനയോടെ വിട്ടയച്ചത്.

മാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും കേസിലെ പ്രധാന പ്രതി താനാണെന്ന് അവകാശപ്പെടുകയും ചെയ്തതോടെ കുടുംബത്തിന് അത് വലിയ പ്രയാസമുണ്ടാക്കി. മുംബൈ പൊലീസ് തന്റെ ജീവിതം നശിപ്പിച്ചെന്നും ഇയാൾ പറഞ്ഞു. സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞയാളുമായി സാമ്യമുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ നിന്നും നിരപരാധിയെന്നുകണ്ട് വിട്ട യുവാവിനെ തിരിച്ചെടുക്കാന്‍ തൊഴിലുടമയും തയാറായില്ല. വിശദീകരണം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചെന്ന് ആകാശ് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത കാരണം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം പിന്‍വലിഞ്ഞതോടെ വിവാഹവും മുടങ്ങി.

ജനുവരി 16നാണ് മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സദ്ഗുരു ശരണിലെ തന്റെ 12-ാം നിലയിലെ വസതിയില്‍ നുഴഞ്ഞു കയറിയ മോഷ്ടാവ് നടന്‍ സെയ്ഫ് അലി ഖാനെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു.

Tags:    
News Summary - Saif Ali Khan attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.