സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടും; വിശ്രമം വേണമെന്ന് ഡോക്ടർമാർ

സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടും; വിശ്രമം വേണമെന്ന് ഡോക്ടർമാർ

മുംബൈ: കവർച്ചാ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ചൊവ്വാഴ്ച ആശുപത്രി വിടും. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ താരം വീട്ടിലേക്ക് മടങ്ങുമെന്നും ഏതാനും ദിവസം വിശ്രമം വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. പൂർണ ആരോഗ്യവാനാകാൻ എത്ര നാൾ വേണ്ടിവരുമെന്ന് അന്തിമ മെഡിക്കൽ റിപ്പോർട്ടിന് ശേഷം വ്യക്തമാക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് സെയ്ഫിന് കുത്തേറ്റത്. പിന്നാലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നട്ടെലിനു സമീപത്തും കഴുത്തിലും കൈയിലുമുൾപ്പെടെ ആറ് കുത്താണ് സെയ്ഫിനേറ്റത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളവയായിരുന്നു. അക്രമിയെ പിടികൂടിയ പൊലീസ്, ഇന്ന് സെയ്ഫിന്‍റെ വസതിയിൽ ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.

സെയ്ഫിനെ കുത്തിപ്പരിക്കേൽപിച്ചയാൾ ബംഗ്ലാദേശിലെ മുൻ ഗുസ്തി ചാമ്പ്യനാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വിജയ് ദാസ് എന്ന പേരിൽ മുംബൈയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്സാദാണ് കേസിൽ പിടിയിലായത്. 19ന് താനെയിൽനിന്നാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്. ബംഗ്ലാദേശിലെ ജില്ലാതല, ദേശീയതല ഗുസ്തി ചാമ്പ്യനായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ഗുസ്തിയിലെ പരിചയമാകാം സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽ അതിക്രമിച്ചു കയറുന്നതിനും സെയ്ഫിനെ കുത്തുന്നതിനും സഹായിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സംഭവത്തിനു പിന്നാലെ ദാദർ, വർലി, അന്ധേരി എന്നിവിടങ്ങളിൽ കറങ്ങിയാണ് പ്രതി താനെയിലെത്തിയത്. ഇവിടെ ഒരു ലേബർ ക്യാമ്പിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. വർലിയിൽ താമസിക്കുന്ന സമയത്ത് മറ്റൊരു മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രതിയെ മുംബൈ കോടതി ഈമാസം 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Tags:    
News Summary - Saif Ali Khan to be discharged from hospital shortly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.