അഹ്മദാബാദ്: ഒരു കാലത്ത് കളിയും ചിരിയും നിറഞ്ഞ തങ്ങളുടെ പ്രിയ ഭവനം ഒരുവട്ടം നോക്കാനേ വയോധികയായ സകിയ ജാഫരിക്ക് സാധിച്ചുള്ളൂ. അപ്പോഴേക്കും ഭയാനകമായ ഓർമകളുടെ കടലിരമ്പം അവരുടെ കണ്ണിൽ ഇളകിമറിഞ്ഞു. ഇപ്പോൾ ഗുൽബർഗ് സൊസൈറ്റി ഒരു പ്രേതഭൂമിയാണ്. വംശീയാതിക്രമത്തിന്റെയും നിസ്സഹായരായ മനുഷ്യരുടെ ആർപ്പുവിളികളുടെയും കറയുണങ്ങാത്ത കോൺക്രീറ്റ് സൗധം.
ഗുജറാത്ത് വംശഹത്യക്കിടെ 2002 ഫെബ്രുവരി 28നാണ് ഗുൽബർഗ് സൊസൈറ്റിയിൽ 69 പേരെ കൂട്ടക്കൊലചെയ്തത്. തന്റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ആ ദിനത്തിന്റെ 21ാം വാർഷിക വേളയിൽ വിങ്ങുന്ന ഹൃദയവുമായി ഇവിടെയെത്തിയ സകിയ ജാഫരി കാടുകയറിയ തന്റെ പഴയ ഇരുനില വീടിന്റെ ഗേറ്റിനു മുന്നിൽനിന്നു. കോൺഗ്രസ് മുൻ എം.പികൂടിയായ ഭർത്താവ് ഇഹ്സൻ ജാഫരിയെ ആക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയത് ഇവിടെ വെച്ചാണ്. പ്രായാധിക്യത്താൽ അവശയായ സകിയക്കൊപ്പം മകൾ നിഷ്റിൻ ജാഫരി ഹുസൈനും മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സെഡ്രിക് പ്രകാശും ഉണ്ടായിരുന്നു. വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിമാർക്കും ക്ലീൻചിറ്റ് നൽകിയത് ചോദ്യം ചെയ്തുള്ള സകിയയുടെ ഹരജി സുപ്രീംകോടതി തള്ളിയതിനുശേഷമുള്ള അവരുടെ ആദ്യ സന്ദർശനമായിരുന്നു അത്. ഇതിനുമുമ്പ് 2012 ഫെബ്രുവരി 28നാണ് സകിയ ഇവിടെയെത്തിയത്. ‘‘അബ്ബയോടൊപ്പം കഴിഞ്ഞ കാലത്തെ ഓർമകളാണ് ഉമ്മയിൽ നിറയെ. അഹ്മദാബാദിലേക്ക് വരാൻ ഉമ്മ ആദ്യം ഭയപ്പെട്ടിരുന്നു. ഞാൻ കൂടെ വരാം എന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്’’ -സകിയയെക്കുറിച്ച് മകൾ നിഷ്റിൻ ‘ദ ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
“എന്റെ പിതാവിനെക്കുറിച്ചോർത്ത് ഞാൻ കരയുന്നത് കുറവാണ്. ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു’’ -നിഷ്റിൻ വിതുമ്പി. നരേന്ദ്ര മോദി അടക്കമുള്ളവർക്ക് നൽകിയ ക്ലീൻചിറ്റ് ശരിവെച്ചുള്ള സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെ ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾ മോചിപ്പിക്കപ്പെട്ടത് ജനമനസ്സാക്ഷിയെ ഉണർത്തുമെന്ന് നിഷ്റിൻ പ്രതീക്ഷിക്കുന്നു. ആരും ഈ വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.
വംശഹത്യയോടെ ഉപേക്ഷിക്കപ്പെട്ട സകിയയുടെ ഇരുനില വീട് ഇന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഗ്രില്ലുകൾ തുരുമ്പിച്ചു. മുറ്റമാകെ കുറ്റിച്ചെടികൾ നിറഞ്ഞു. ഗുൽബർഗ് സൊസൈറ്റിയിലെ വീടുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്.
2002ൽ വംശഹത്യ പൊട്ടിപ്പുറപ്പെട്ട് അഹ്മദാബാദിലുടനീളം അക്രമം രൂക്ഷമായതോടെ, കോൺഗ്രസ് നേതാവ് ഇഹ്സൻ ജാഫരി താമസിച്ചിരുന്ന ഗുൽബർഗ് സൊസൈറ്റി, സമീപപ്രദേശങ്ങളിലുള്ള മുസ്ലിംകളുടെ അഭയകേന്ദ്രമായി മാറുകയായിരുന്നു. ഇഹ്സൻ ജാഫരിയുടെ രാഷ്ട്രീയനിലയും പദവിയും സ്വാധീനവും കാരണം തങ്ങൾക്ക് സംരക്ഷണം ലഭിക്കും എന്നാണ് അവർ ചിന്തിച്ചത്. എന്നാൽ, സൊസൈറ്റി വളപ്പിലെത്തിയ കലാപകാരികൾ നിരാലംബരെ കൊന്നുതള്ളി. പലരുടെയും മൃതദേഹങ്ങൾപോലും കണ്ടെത്തിയില്ല.
സകിയയുടെ പണ്ടത്തെ അയൽവാസികളും ഓർമകൾ അയവിറക്കാൻ അവിടെ എത്തിയിരുന്നു. കൊലയാളികൾ അഴിഞ്ഞാടിയ ദിവസം കാണാതായ തന്റെ 10 വയസ്സുകാരൻ മകൻ അസ്ഹറിന്റെ ഓർമയിലാണ് 60കാരനായ ദാരാ മോദി എത്തിയത്. അസ്ഹറിന് എന്തു സംഭവിച്ചുവെന്ന് ഇന്നുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.