ന്യൂഡൽഹി: അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദ്. തന്‍റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുകയുമാണെന്ന് സൽമാൻ ഖുർഷിദ് വ്യക്തമാക്കി. ഇതൊരു വിവാദമല്ലെന്നും സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പുസ്തകമില്ലെങ്കിലും ബി.ജെ.പി മറ്റൊരു വിവാദമുണ്ടാക്കും. ബി.ജെ.പി പറയുന്നത് ഏറ്റുപറയാനല്ല കോൺഗ്രസ്. അങ്ങനെയായാൽ ബി.ജെ.പിയുടെ ബി ടീമാകും കോൺഗ്രസ് പാർട്ടി. 350 പേജുകളുള്ള പുസ്തകത്തിൽ നിന്ന് ഒരു വരിയെടുത്താണ് ബി.ജെ.പി വിവാദമുണ്ടാക്കുന്നത്. തന്‍റെ പുസ്തകം തെറ്റാണ് ബി.ജെ.പി പറയുന്നു. അങ്ങനെയെങ്കിൽ ബി.ജെ.പി തള്ളിപ്പറയുന്നത് സുപ്രീംകോടതി വിധിയെയാണെന്നും ഖുർഷിദ് ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസിന്‍റെ നിലപാട്. പുസ്തകത്തെ എതിർക്കുന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയെ പിന്തുണക്കുകയാണോ എന്നും സൽമാൻ ഖുർഷിദ് ചോദിച്ചു. ഭീഷണികളെ താൻ മുഖവിലക്ക് എടുക്കുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
'ഹിന്ദുത്വ തീവ്രവാദം ഇസ്ലാമിക് സ്റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന' സൽമാൻ ഖുർഷിദിന്‍റെ 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. 'അടുത്ത കാലത്തുണ്ടായ ഇസ് ലാമിക് സ്റ്റേറ്റ്, ബോക്കോഹറം തീവ്രവാദ സംഘടനകളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്' എന്നാണ് പുസ്തകത്തിലെ പരാമർശം.
ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരികെ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പുസ്തകത്തിലെ പരാമർശം വിവാദമാക്കി ഹിന്ദു വോട്ടുകൾ ഏകീകരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. മുസ് ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് അത്തരത്തിലൊരു പാരമര്‍ശമുണ്ടായതില്‍ അത്ഭുതമില്ലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. സോണിയ ഗാന്ധി ഇതിന് മറുപടി പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും വിവാദത്തിൽ നിലപാട് വ്യക്തമാക്കിയ രാഹുൽ ഗാന്ധി പറഞ്ഞു. ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ട്വീറ്റിലൂടെ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.