ന്യൂഡൽഹി: അഞ്ച് മുസ്ലിം യുവാക്കളുടെ കൊലപാതകത്തിൽ കലാശിച്ച സംഭൽ വർഗീയ സംഘർഷത്തെ ചൊല്ലി ലോക്സഭ ചൊവ്വാഴ്ച ഇളകിമറിഞ്ഞു. അടിയന്തരമായി സംഭൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് അലഹബാദ് എം.പി ഉജ്ജ്വൽരമൺ സിങ്ങും മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അടക്കമുള്ള നേതാക്കൾ ശൂന്യവേളയിൽ സംഭൽ ഉന്നയിച്ചത് ബി.ജെ.പി എം.പിമാർ പ്രതിരോധിക്കാൻ ശ്രമിച്ചു.സംഭൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാർട്ടിയുടെയും ലീഗിന്റെയും എം.പിമാർ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിക്ക് സഭ ചേർന്നയുടൻ എഴുന്നേറ്റ എസ്.പി നേതാവ് അഖിലേഷ് യാദവ് അടിയന്തര ചർച്ചക്ക് ആവശ്യമുന്നയിച്ചു. ഇത് അംഗീകരിക്കാതെ ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞ് ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ടുപോയി. ഇതോടെ ‘‘സംഭലിൽ ചർച്ച നടത്തൂ, കുറ്റവാളികൾക്ക് ശിക്ഷ നൽകൂ’’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ധർമേന്ദ്രയാദവിന്റെ നേതൃത്വത്തിൽ എസ്.പി എം.പിമാരും നടുത്തളത്തിലേക്ക് നീങ്ങിയപ്പോൾ ഇ.ടി. മുഹമ്മദ് ബഷീറും കൂടെ നീങ്ങി. ഇവർക്ക് പിന്നാലെ കോൺഗ്രസ് എം.പിമാരും എഴുന്നേറ്റു. അൽപനേരത്തെ പ്രതിഷേധത്തിനു ശേഷം മുദ്രാവാക്യം വിളികളുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.
ന്യൂഡൽഹി: സംഭൽ വർഗീയ സംഘർഷം യഥാർഥത്തിൽ ഡൽഹിയും ലഖ്നോയും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ലഖ്നോയിലെത്തിയവർ ഡൽഹിയിലെത്താൻ വേണ്ടി നടത്തിയതാണ് ഇതെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താൻ ബി.ജെ.പിക്കുള്ളിൽ നടക്കുന്ന അധികാര മത്സരത്തിലേക്ക് വിരൽചൂണ്ടിയായിരുന്നു ശൂന്യവേളയിൽ അഖിലേഷിന്റെ വിമർശനം. ബി.ജെ.പി ബെഞ്ചുകൾ ഇളകിമറിഞ്ഞതോടെ അഖിലേഷിന്റെ സംസാരം സ്പീക്കർ തടഞ്ഞു.
സംഭൽ സംഭവം രാഷ്ട്രീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് അഖിലേഷ് പറഞ്ഞു. ബി.ജെ.പിയും അവരെ പിന്തുണക്കുന്നവരും രാജ്യത്തിന്റെ മുക്കിലും മൂലയിലും കുഴിക്കാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സൗഹാർദത്തെയും സാഹോദര്യത്തെയുമാണ് അതിലൂടെ കുഴിക്കുന്നത്. മറുപക്ഷത്തെ കേൾക്കാതെയാണ് ഹരജി പരിഗണിച്ച നവംബർ 19നുതന്നെ സംഭൽ ശാഹി ജമാ മസ്ജിദിൽ സർവേക്ക് ഉത്തരവിട്ടത്. തുടർന്ന് രണ്ട് മണിക്കൂറിനകം രാത്രിയോടെ പള്ളിയിലെത്തി അധികാരികളും പൊലീസും സർവേ നടത്തിയതാണ്. എന്നാൽ, നവംബർ 22ന് പൊലീസ് നമസ്കാരം തടസ്സപ്പെടുത്താൻ നോക്കി. 23ന് രാത്രി വീണ്ടും സർവേ നടത്തുമെന്ന് പറഞ്ഞ് പൊലീസും ജില്ല ഭരണകൂടവും വീണ്ടും വന്നു. കോടതി ഉത്തരവുണ്ടെങ്കിലേ രണ്ടാം സർവേ പറ്റൂ എന്ന് കോടതി പറഞ്ഞുവെങ്കിലും പിറ്റേന്ന് രാവിലെ ലാത്തിച്ചാർജ് നടത്തി ബലംപ്രയോഗിച്ച് പള്ളിക്ക് അകത്തേക്ക് കടന്നു. തുടർന്ന് സ്വകാര്യ തോക്കുകളുപയോഗിച്ച് പൊലീസ് ആണ് അഞ്ച് നിരപരാധികളായ യുവാക്കളെ വെടിവെച്ചുകൊന്നതെന്നും സംഭലിലെ സൗഹാർദത്തിനു നേരെയാണ് വെടിവെച്ചതെന്നും അഖിലേഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.