'ദ ഹിന്ദു' പ്രിൻസിപ്പൽ കറസ്പോണ്ടൻറ് അലോക് ദേശ്പാണ്ഡെ, 'ദ ഹിന്ദു' പത്രത്തിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക ലേഖനത്തിെൻറ സ്വതന്ത്ര വിവർത്തനം
ഒക്ടോബർ മൂന്ന്. മുംബൈ. മഹാനഗരം ഉറക്കച്ചടവിൽനിന്ന് മുക്തമാകുന്നതിന് മുേമ്പ സൗത്ത് മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഒാഫിസിന് പുറത്ത് ഒരു ആൾക്കൂട്ടം രൂപപ്പെട്ടു.
കെട്ടിടത്തിനുള്ളിൽ നിന്ന് ചാനൽ ക്യാമറകളുടെ വെള്ളി വെളിച്ചത്തിലേക്ക് ഇറങ്ങി വന്ന ഒാഫിസർക്ക് നേരെ മാധ്യമപ്രവർത്തകർ ചാടിവീണു. ഇരതേടുന്ന വന്യമൃഗങ്ങളെ പോലെ തങ്ങളുടെ മൈക്കുകൾ അദ്ദേഹത്തിെൻറ മുഖത്തേക്ക് അവർ ചൂണ്ടി. ''അതെ. എട്ടു മുതൽ 10 വരെ ആളുകൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്''- എൻ.സി.ബിയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കെഡയുടെ പ്രസ്താവന ചാനലുകളിലൂടെ ലൈവായി രാജ്യം കണ്ടു.
'എേട്ടാ, പത്തോ?' ഒരുറിപ്പോർട്ടർ വിളിച്ചുചോദിച്ചു.
അയാളുടെ സംശയം ചുറ്റുംകൂടിയ അസംഖ്യം റിപ്പോർട്ടർമാരുടെ ചോദ്യപ്രളയത്തിൽ മുങ്ങിപ്പോയി. പക്ഷേ, അവഗണിക്കപ്പെട്ടുപോയ ഇൗയൊരു ചോദ്യമാണ് വരുംദിവസങ്ങളിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും സമീർ വാങ്കഡെയെയും വേട്ടയാടാനിരിക്കുന്നതെന്ന് അപ്പോഴാരും അറിഞ്ഞില്ല. അതേക്കുറിച്ച് താഴെ പറയാം.
കീർത്തികേട്ട ആ എൻ.സി.ബി ഒാഫിസറുടെ നിയന്ത്രണത്തിലായിരുന്നു ആ ദിവസം എല്ലാം. ലോകത്തെ ഏറ്റവും വലിയ സിനിമ താരങ്ങളിലൊരാളായ ഷാരൂഖ് ഖാെൻറ മകൻ 23 കാരൻ ആര്യൻ ഖാൻ അപ്പോൾ എൻ.സി.ബി ഒാഫിസിനുള്ളിൽ ഉണ്ടായിരുന്നു. ആഡംബര കപ്പലായ കോർഡീലിയയിൽ ഫാഷൻ ടി.വി സംഘടിപ്പിച്ച പാർട്ടിക്കിടെ മയക്കുമരുന്ന് കേസുകൾ ആരോപിച്ചാണ് ആര്യൻ ഖാനെയും സുഹൃത്തുക്കളായ അർബാസ് മർച്ചൻറ്, മൂൺ മൂൺ ധമേച്ഛ എന്നിവരെയും മറ്റുപലർക്കുമൊപ്പം എൻ.സി.ബി അറസ്റ്റ് ചെയ്തത്.
1,300 ലേറെപേർ പെങ്കടുത്ത പാർട്ടിയിൽനിന്ന് ഏതാനും യുവാക്കളെ മാത്രം പിടികൂടിയ എൻ.സി.ബി അവർ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിെൻറ ഭാഗമാണെന്ന് പിന്നീട് ആരോപിച്ചു. ഇൗ മൂന്നുപേരുടെയും അറസ്റ്റ് മണിക്കൂറുകൾ കൊണ്ട് രാജ്യെത്ത പ്രധാന ചർച്ചാവിഷയമായി. പക്ഷേ, ഇന്നത്തെ അവസ്ഥയിലേക്ക് ഇൗ കേസ് ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് വരുമെന്ന് അന്നാരും പ്രതീക്ഷിച്ചില്ല. രാഷ്ട്രീയക്കാരും സിനിമക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ സംഭ്രമജനകമായൊരു കഥയായി അതിന്ന് പരിണമിച്ചിരിക്കുന്നു.
ഖ്യാതിയും ഗ്ലാമറും വിവാദവുമൊന്നും സമീർ വാങ്കഡെക്ക് പുതുമയല്ല. 2008 ലെ ഇന്ത്യൻ റവന്യൂ സർവീസ് ബാച്ചുകാരനായ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു വാങ്കഡെ.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അസി. കമീഷണറായി 2010ലായിരുന്നു ആദ്യ പ്രധാന നിയമനം. 2011 ൽ വാങ്കഡെ മാധ്യമശ്രദ്ധയിലേക്ക് ഉയർന്നു. യൂറോപ്പിൽനിന്ന് ഫാമിലി ട്രിപ്പ് കഴിഞ്ഞ് വന്ന ബോളിവുഡ് താരത്തെ തടഞ്ഞുനിർത്തി അധിക ബാഗേജിന് 1.5 ലക്ഷം രൂപ പിഴ ചുമത്തിയതായിരുന്നു വാർത്ത. താരം ആരെന്നല്ലേ. സാക്ഷാൽ, ഷാരൂഖ് ഖാൻ.
ഷാരൂഖ് മാത്രമല്ല, മിനിഷ ലാംബ, അനുഷ്ക ശർമ എന്നിവരെയും പിന്നീട് കത്രീന കെയ്ഫ്, ബിപാഷ ബസു, റൺബീർ കപൂർ, വിവേക് ഒബ്റോയി, അനുരാഗ് കശ്യപ്, മിക സിങ് എന്നിവരുടെ ടീമംഗങ്ങളെയും വാങ്കഡെ പിടികൂടി. മുംബൈ വിമാനത്താവളത്തിലെ വാങ്കഡെയുടെ ജോലിക്കാലം അങ്ങനെ സംഭവബഹുലമായിരുന്നു. 2013 ൽ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാങ്കഡെ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലേക്ക് (എൻ.െഎ.എ) ഡെപ്യുേട്ടഷനിൽ പോയി. 2017 ഡയറക്ടേററ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിൽ നിയമനം. അവിെട നിന്നാണ് വിവരദായകരുടെ വിപുലമായ ശൃംഖലയുടെ ബലത്തിൽ എൻ.സി.ബിയിലെ ഇപ്പോഴത്തെ തസ്തികയിലേക്ക് വരുന്നത്.
2020 ജൂണിൽ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിെൻറ ദുരൂഹമരണത്തിെൻറ അന്വേഷണം വാങ്കഡെയെ വീണ്ടും മാധ്യമശ്രദ്ധയിലെത്തിച്ചു. 34 കാരനായ സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്ന നിലയിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. ഒാേട്ടാപ്സി റിപ്പോർട്ടും ആ നിഗമനം ശരിവെച്ചു. പക്ഷേ, സുശാന്തിെൻറ മരണത്തിന് മേൽ അസാധാരണമായൊരു രാഷ്ട്രീയ കൊടുങ്കാറ്റിന് അതിനകം തുടക്കം കുറിച്ചിരുന്നു.
ഏതാനും മാസങ്ങൾ മാത്രം അകലെയായിരുന്നു ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ്. സുശാന്ത് ആകെട്ട ബീഹാർ സ്വദേശിയും. ശിവസേന, കോൺഗ്രസ്, എൻ.സി.പി സഖ്യത്തിലുള്ള മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യസർക്കാരിനെതിരെ ഒരു രാഷ്ട്രീയ ആയുധത്തിെൻറ സാധ്യത ബി.ജെ.പി തിരിച്ചറിഞ്ഞു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും ശിവസേന നേതാക്കളുടെ താൽപര്യത്തിനായി കേസ് ഒതുക്കിതീർക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപണം ഉന്നയിച്ചു. പിന്നാലെ ബിഹാറിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. തെളിവിെൻറ കണികപോലുമില്ലാത്ത ആരോപണം പക്ഷേ, വൻ മാധ്യമശ്രദ്ധ ആകർഷിച്ചു.
സുശാന്തിെൻറ സുഹൃത്തായ റിയ ചക്രവർത്തിയെ ചുറ്റിപറ്റി കൊലപാതക തിയറികൾ സൃഷ്ടിക്കപ്പെട്ടു. ബി.ജെ.പിക്ക് പിന്നാലെ സുശാന്തിെൻറ കുടുംബവും ആരോപണങ്ങൾ ഉന്നയിച്ചതോടെ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഏറ്റെടുത്തു. സുശാന്തുമായി ബന്ധപ്പെട്ട റിയ ചക്രവർത്തി ഉൾപ്പെടെ സകലരെയും സി.ബി.െഎ ചോദ്യം ചെയ്തു. സുശാന്തിെൻറ പിതാവ് ഉന്നയിച്ച പണമിടപാട് പരാതിയിൽ 2020 ജൂലൈയിൽ റിയക്കെതിരെ ബീഹാറിൽ ഇ.ഡി കേസെടുത്തു. ഇ.ഡിയുടെ അന്വേഷണത്തിൽ റിയയുടെ വാട്സ്ആപ് ചാറ്റുകളിൽ മയക്കുമരുന്ന് പരാമർശങ്ങൾ കണ്ടെത്തിയെന്ന കഥകൾ പ്രചരിക്കാൻ തുടങ്ങി. അതോടെ കേസിലേക്ക് എൻ.സി.ബിക്ക് വഴിതുറക്കപ്പെട്ടു.
ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിലായിരുന്ന വാങ്കഡെക്ക് 2020 ആഗസ്ത് 31നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ (എൻ.സി.ബി) ആറുമാസത്തേക്ക് ഡെപ്യുേട്ടഷൻ ലഭിക്കുന്നത്. സുശാന്ത് സിങ് കേസ് കൈകാര്യം ചെയ്യാനാണ് വാങ്കഡെയെ കൊണ്ടുവന്നതെന്ന ആരോപണം എൻ.സി.ബി നിഷേധിച്ചു. നേരത്തെ തന്നെ വാങ്കഡെ അപേക്ഷിച്ചിരുന്നതാണെന്നും ഒഴിവും നേരത്തെയുള്ളതാണെന്നും എൻ.സി.ബി സൗത്ത് വെസ്റ്റ് റീജൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത അശോക് ജെയ്ൻ പ്രസ്താവനയിറക്കി.
ചുമതലയേറ്റ് ഒരാഴ്ചക്കുള്ളിൽ വാങ്കഡെ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ വാട്സ്ആപ് ചാറ്റുകൾ ഒഴികെ മറ്റൊരു തെളിവും റിയക്കെതിരെ ഉണ്ടായിരുന്നില്ല. വാട്സ്ആപ് ചാറ്റുകളിൽ തൂങ്ങിയുള്ള എൻ.സി.ബിയുടെ അന്വേഷണം അവിടെ നിന്നില്ല. സിനിമ താരങ്ങളായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽപ്രീത് സിങ് എന്നിവരെയൊക്കെ ബോളിവുഡിലെ 'ആരോപിത മയക്കുമരുന്ന് റാക്കറ്റ്' അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്തു.
ധർമ പ്രൊഡക്ഷനിെൻറ ഡിജിറ്റൽ രൂപമായ ധർമാറ്റിക് എൻറർടൈൻമെൻറിെൻറ മുൻ ജീവനക്കാരൻ ക്ഷിത്ജി പ്രസാദിെന എൻ.സി.ബി അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രസാദ്, വാങ്കഡെയുടെ നേതൃത്തിലുള്ള എൻ.സി.ബി സംഘം തനിക്ക് നേരെ ബലംപ്രയോഗിച്ചുവെന്നും റൺബീർ കപൂർ, ദിനോമോറിയ, അർജുൻ രാംപാൽ എന്നിവർക്കെതിരെ മൊഴിനൽകാൻ ആവശ്യപ്പെട്ടുവെന്നും ആരോപിച്ചു. ആരോപണങ്ങൾ എൻ.സി.ബി നിഷേധിച്ചു.
വാങ്കഡെയുടെ വരവോടെ ബോളിവുഡിനെ 'ശുദ്ധീകരി'ക്കാനുള്ള എൻ.സി.ബിയുടെ 'ശ്രമ'ങ്ങൾക്ക് വേഗമേറി. ഏതെങ്കിലും സെലിബ്രിറ്റിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ചില പ്രത്യേക റിപ്പോർട്ടർമാർക്ക് മാത്രം 'ചോർന്ന്' കിട്ടാൻ തുടങ്ങി. വാട്സ്ആപ് ചാറ്റുകളും പ്രത്യേക വിഭാഗം മാധ്യമങ്ങൾക്ക് ലഭിച്ചു. ആരോപിതർക്കെതിരായ ആഖ്യാനങ്ങൾ ചമക്കാൻ അത് ഉപയോഗിക്കപ്പെട്ടു. മുൻകാലങ്ങളിൽ വലിയ വലിയ മയക്കുമരുന്ന് ശൃംഖലകൾക്കും വിതരണ മാഫിയകൾക്കുമെതിരെ പ്രവർത്തിച്ചിരുന്ന ഏജൻസി മെല്ലെ മയക്കുമരുന്ന് 'ഉപയോഗി'ക്കുന്നവർക്കെതിരെ തിരിഞ്ഞ് തലക്കെട്ടുകൾ സൃഷ്ടിക്കാൻ തുടങ്ങി. അതിൽ കൂടുതലും സെലിബ്രിറ്റികളായിരുന്നു. അവരിൽ ചിലരിൽ നിന്ന് വളരെ ചെറിയ അളവിലുള്ള മയക്കുമരുന്ന് മാത്രമാണ് കണ്ടെടുത്തത്. പലരിൽ നിന്നും ഒന്നും കിട്ടിയുമില്ല. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ താൻ 'നിയമത്തിെൻറ വഴിയേ ആണ് സഞ്ചരിക്കുന്ന'തെന്ന മറുപടിയാണ് വാങ്കഡെ നൽകിയിരുന്നത്.
ഡെപ്യുേട്ടഷനിൽ ആറുമാസത്തേക്ക് മാത്രം എൻ.സി.ബിയിലെത്തിയ വാങ്കഡെക്ക് ഇതിനകം രണ്ടുതവണ സർവീസ് നീട്ടിക്കിട്ടി. വാങ്കഡെ വന്നതിന് ശേഷം ഇതുവരെ 300 ലേറെ പേരെ എൻ.സി.ബി അറസ്റ്റ് ചെയ്തു കഴിഞ്ഞു. സർവകാല റെക്കോഡാണിത്. മുംബൈയിലെയും ഗോവയിലെയും 12 ഡ്രഗ് ഗ്യാങുകളെ അമർച്ച ചെയ്തുവെന്നും ബ്യൂറോ അവകാശപ്പെടുന്നു. പക്ഷേ, ഇതിൽ ഹൈ പ്രൊഫൈൽ കേസുകൾ ഒന്നും കോടതിയുടെ പരിശോധനക്ക് വിധേയമായിട്ടില്ല. മിക്ക കേസുകളിലും ചാർജ് ഷീറ്റ് പോലും ഫയൽ ചെയ്തിട്ടില്ല. സെലിബ്രിറ്റികൾക്കെതിരെ വാട്ട്സ്ആപ് ചാറ്റിെൻറ ബലത്തിൽ സ്വീകരിച്ച നടപടികളും ചോദ്യംചെയ്യപ്പെടുകയാണിപ്പോൾ. എന്നാൽ, തെൻറ മാതാവ് തെരുവു കുട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നയാളാണെന്നും പിതാവ് യൂനിഫോം സർവിസിലാണെന്നും അഭിമുഖങ്ങളിൽ സ്ഥിരമായി പറയുന്ന വാങ്കഡെ തെൻറ പ്രവർത്തനങ്ങൾ രാഷ്ട്രത്തിന് വേണ്ടിയാണെന്ന് ആവർത്തിക്കും. ഇൗ സ്വകാര്യ വിശദാംശങ്ങളെല്ലാം നിർഭയനും അതിസാഹസികനുമായ ഉദ്യോഗസ്ഥനെന്ന പ്രതിഛായയെ ഉൗട്ടിയുറപ്പിക്കാനും ഉപയോഗിച്ചു.
വാങ്കഡെയുടെ നടപടികൾ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് കൊമേഡിയൻ ഭാരതി സിങിെൻറയും ഭർത്താവ് ഹർഷ് ലിംബാഛിയയുടെയും അറസ്റ്റിലാണ്. 2020 നവംബറിലാണ് 86.5 ഗ്രാം കഞ്ചാവ് വീട്ടിൽ നിന്നും ഒാഫിസിൽ നിന്നും പിടിച്ചെടുത്തുവെന്ന് ആരോപിച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.
മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ഇതിനെതിരെ രംഗത്തുവന്നു. മയക്കുമരുന്നിന് അടിമകളായവരെ ജയിലിലേക്കല്ല, റിഹബിലിറ്റേഷൻ സെൻററുകളിലേക്കാണ് അയക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കടത്തുകാർക്കെതിരെയാണ് എൻ.സി.ബി നീങ്ങേണ്ടതെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്നും മാലിക് കൂട്ടിച്ചേർത്തു.
രണ്ടുമാസത്തിന് ശേഷം 2021 ജനുവരി 13 ന് എൻ.സി.ബിയുടെ ഒാഫിസിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് ഒരു സന്ദേശം ലഭിച്ചു: 'ഒരു ഹൈ പ്രൊഫൈൽ ചോദ്യം ചെയ്യൽ ഒാഫിസിൽ നടക്കുന്നു'. റിപ്പോർട്ടർമാർ പാഞ്ഞെത്തി. അവിടെ എത്തിയപ്പോഴാണ് അവർ മനസിലാക്കുന്നത്, നവാബ് മാലികിെൻറ മരുമകൻ സമീർ ഖാൻ ആണ് കസ്റ്റഡിയിലുള്ളത്. നാലുദിവസം മുമ്പ് ജനുവരി ഒമ്പതിന് 200 കിലോ കഞ്ചാവുമായി ബ്രിട്ടീഷ് പൗരൻ കരൺ സജ്നാനിയെയും സഹോദരിമാരായ റാഹില, ഷായിസ്ത ഫർണിച്ചർവാലയെയും ബാന്ദ്രയിൽ നിന്ന് എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. സജ്നാനിയുമായി 20,000 രൂപയുടെ ഒാൺലൈൻ ട്രാൻസാക്ഷൻ നടത്തിയെന്ന് ആരോപിച്ചാണ് സമീർഖാനെ എൻ.സി.ബി വിളിച്ചുവരുത്തി, അറസ്റ്റ് ചെയ്തത്. 'നിയമം നിയമത്തിെൻറ വഴിക്കുപോകുമെന്നും ഒടുവിൽ സത്യം പുലരുമെന്നു'മായിരുന്നു അന്ന് നവാബ് മാലികിെൻറ പ്രതികരണം. എട്ടുമാസം ജയിലിൽ കിടന്ന ശേഷമാണ് സമീർ ഖാന് മോചനം ലഭിച്ചത്.
മാസങ്ങൾക്ക് ശേഷം ഒക്ടോബർ മൂന്നിന് ആര്യൻ ഖാെൻറ അറസ്റ്റുമായി ബന്ധപ്പെട്ട ചാനൽ വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കവെയാണ് എൻ.സി.ബി ഒാഫിസിനുള്ളിൽ ചില വ്യക്തികളുടെ സാന്നിധ്യം നവാബ് മാലികിെൻറ ശ്രദ്ധയിൽ പെടുന്നത്. അന്ന് പുലർച്ചെ ക്യാമറകൾക്ക് മുന്നിൽ വാങ്കഡെ പറഞ്ഞത് എന്താണെന്ന് പരിശോധിക്കാൻ തന്നെ മാലിക് തീരുമാനിച്ചു. ''എട്ടു മുതൽ 10 പേർ വരെ ഞങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നാണ് വാങ്കഡെ പറഞ്ഞത്. എന്താണിത്. തമാശയോ. ഒന്നുകിൽ എട്ട്. അല്ലെങ്കിൽ 10. തെൻറ കസ്റ്റഡിയിൽ എത്രപേർ ഉണ്ടെന്ന് ഒരു ഒാഫിസർ അറിഞ്ഞിരിക്കണമല്ലോ''- മാലിക് പറയുന്നു.
ആര്യൻ ഖാനുമായി ക്രൂയിസ് ഷിപ്പിൽ കാണപ്പെട്ട താടിവെച്ചയാളെയും മാലിക് നോട്ട് ചെയ്തു. 'വടിച്ചൊരുക്കിയ താടിവെച്ച ഉദ്യോഗസ്ഥനോ?... '-മാലിക് അത്ഭുതപ്പെട്ടു. ഏതാണ്ട് അതേ സമയത്താണ് തടിച്ച കഷണ്ടി കയറിയ മനുഷ്യെൻറ ആര്യനൊപ്പമുള്ള സെൽഫി വൈറലായത്. മാലികിെൻറ സംശയങ്ങൾ കനത്തു.
സംശയങ്ങളുടെ നീർച്ചുഴിയിലേക്ക് താൻ ആഴ്ന്നുപോകുകയാണെന്ന് തിരിച്ചറിയാതെ വാങ്കഡെ ഉടനടി പ്രതികരിച്ചു: 'ഫോേട്ടായിയുള്ളത് എൻ.സി.ബി ഉദ്യോഗസ്ഥനല്ല'. ചാനലുകൾ ആ വിശദീകരണം നൽകി തൃപ്തിയടഞ്ഞു. പക്ഷേ, കൂടുതൽ ആഴത്തിലേക്കിറങ്ങാൻ തന്നെയായിരുന്നു മാലികിെൻറ തീരുമാനം. ഗൂഗ്ളിലെ ഫോേട്ടാ സെർച്ച് അദ്ദേഹത്തെ കെ.പി േഗാസാവിയിൽ കൊണ്ടെത്തിച്ചു. പുനെയിൽ ഒരുവഞ്ചനാ കേസിലെ പ്രതിയായ കെ.പി ഗോസാവിയാണ് ആര്യനൊപ്പം സെൽഫിയെടുത്തയാൾ. ഗോസാവി വഴി, ഗുജറാത്തിലെ വ്യാപാരി സമൂഹത്തിലുള്ള തെൻറ അഗാധമായ ബന്ധങ്ങൾ ഉപയോഗിച്ച് കപ്പലിലുണ്ടായിരുന്ന താടിക്കാരനെയും മാലിക് കെണ്ടത്തി. ബി.ജെ.പി പ്രവർത്തകനായ മനീഷ് ഭാനുശാലിയാണ് ആ താടിക്കാരൻ. തെൻറ കൈയിൽ പല ആയുധങ്ങൾ തടഞ്ഞിരിക്കുന്നുവെന്ന് മാലിക് തിരിച്ചറിഞ്ഞു.
വാങ്കഡെയുമായുള്ള തെൻറ പഴയ ഏറ്റുമുട്ടലുകൾ മാലിക് നിഷേധിക്കുന്നില്ല. തെൻറ മരുമകൻ അറസ്റ്റിലായപ്പോൾ താൻ നിശബ്ദനായിരിക്കുകയായിരുന്നുവെന്ന് മാലിക് പറയുന്നു. നീതി നടപ്പാകുമെന്ന വിശ്വാസമാണ് തന്നെ നയിച്ചത്. സമീർ ഖാനുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്തത് ഹെർബൽ ടുബാക്കോയാണെന്ന കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ശേഷമാണ് താൻ എൻ.സി.ബിക്കെതിരെ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യൻ കേസിൽ ഗോസാവിയുടെയും ഭാനുശാലിയുടെയും സാന്നിധ്യം പുറത്തായതോടെ അക്രമോത്സുകമായി സ്വയം ന്യായീകരിക്കാനാണ് എൻ.സി.ബി തുനിഞ്ഞത്. ഇരുവരെയും സ്വതന്ത്രസാക്ഷികൾ എന്നനിലയിലാണ് ഉപയോഗിച്ചതെന്ന് വിശദീകരിച്ച ബ്യൂറോ, മാലികിെൻറ ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തിതാൽപര്യങ്ങളാന്നെ് ആക്ഷേപിക്കുകയും ചെയ്തു. പക്ഷേ, എേട്ടാ പത്തോ എന്ന വാങ്കഡെയുടെ ആദ്യപ്രസ്താവനയെ കീറിമുറിച്ചുകൊണ്ടായിരുന്നു മാലികിെൻറ മറുപടി. എട്ടും പത്തുമല്ല, യഥാർഥത്തിൽ 11 പേരാണ് പിടിയിലായതെന്ന് മാലിക് വിശദീകരിച്ചു. അതിൽ ബി.ജെ.പി നേതാവ് മോഹിത് കാംബോജിെൻറ സഹോദരി ഭർത്താവ് റിഷഭ് സച്ദേവ്, പ്രതിക് ഗാഭ, ആമിർ ഫർണിച്ചർവാല എന്നിവരെയാണ് വിട്ടയച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അവിടെയും നിർത്തിയില്ല, മാലിക്. രണ്ടുദിവസത്തിന് ശേഷം മറ്റൊരു സ്വതന്ത്രസാക്ഷിയെന്ന് എൻ.സി.ബി വിശദീകരിച്ച ഫ്ലെച്ചർ പേട്ടലിനെ കുറിച്ചും അദ്ദേഹം ചോദ്യങ്ങളുയർത്തി. പേട്ടൽ സാക്ഷിയാണോ അതോ വാങ്കഡെയുടെ സിൽബന്തിയാണോ എന്നായിരുന്നു ചോദ്യം. 'ലേഡി ഡോൺ' എന്ന് വിശേഷിപ്പിച്ച ഒരു യുവതിക്കൊപ്പം പേട്ടൽ നിൽക്കുന്ന ചിത്രവും മാലിക് ട്വീറ്റ് ചെയ്തു. വാങ്കഡെയുടെ സഹോദരി യാസ്മിൻ വാങ്കഡെയായിരുന്നു ആ യുവതി. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി വാങ്കഡെ പണംതട്ടിയെന്ന ആരോപണവുമായി ദിവസങ്ങൾക്ക്ശേഷം മാലിക് വീണ്ടും രംഗത്തെത്തി. വാങ്കഡെ മാലദ്വീപിലേക്ക് നടത്തിയ ട്രിപ്പിെൻറ ചിത്രങ്ങളും പുറത്തുവിട്ടു.
കഥ മുഴുവനും മാറ്റിമറിക്കാനിരിക്കുന്ന തുറുപ്പ് ചീട്ട് മാലിക് പുറത്തെടുക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. സമീർ വാങ്കഡെ ഒരു മുസ്ലിം ആണെന്നും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപേയാഗിച്ചാണ് സർക്കാർ ജോലി നേടിയതെന്നുമുള്ള വലിയ ആരോപണം അദ്ദേഹം ഉന്നയിച്ചു. ഇതേദിവസം തന്നെയാണ് കെ.പി ഗോസാവിയുടെ അംഗരക്ഷകനും ആര്യൻ കേസിലെ മറ്റൊരു സാക്ഷിയുമായ പ്രഭാകർ സെയിൽ എൻ.സി.ബിക്കെതിരെ രംഗത്തുവന്നത്. എൻ.സി.ബി ഷാറൂഖ് ഖാനിൽ നിന്ന് 25 കോടി ആവശ്യപ്പെട്ടുവെന്നും അതിൽ എട്ടുകോടി വാങ്കഡെക്ക് ഉള്ളതാണെന്നുമായിരുന്നു പ്രഭാകർ സെയിലിെൻറ സത്യവാങ്മൂലം. വാങ്കഡെ തന്നോട് ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെൻറ ആരോപണങ്ങൾ തെളിയിക്കാൻ സമീർ വാങ്കഡെയുടെ ആദ്യ വിവാഹത്തിെൻറ 'നികാഹ്നാമ' തൊട്ടടുത്ത ദിവസം നവാബ് മാലിക് പുറത്തുവിട്ടു. ഡോ. ശബാന ഖുറൈശി എന്ന യുവതിയുമായുള്ള ആദ്യവിവാഹത്തിെൻറ സർട്ടിഫിക്കറ്റിൽ വാങ്കഡെയുടെ പിതാവിെൻറ പേര് ദാവൂദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാങ്കഡെയുടെ ഒൗദ്യോഗിക രേഖകളിലെല്ലാം പിതാവിെൻറ നാമം 'ധ്യാൻദേവ്' എന്നാണ്. ഇൗ വിവാഹം നടത്തിക്കൊടുത്ത ഖാദിയും സ്ഥിരീകരിച്ചു: 'വിവാഹത്തിലേർപ്പെട്ട രണ്ടുപേരുടെയും കുടുബം മുസ്ലിങ്ങളായിരുന്നു'.
ഇതോടെ എൻ.സി.ബി പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യമായി ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ അവർ നിർബന്ധിതരായി. പ്രഭാകർ സെയിലിെൻറ ആേരാപണം അന്വേഷിക്കാൻ അഞ്ചംഗ വിജിലൻസ് സംഘത്തെ നിയോഗിച്ചു. സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകാൻ പ്രഭാകറിനോട് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ഗ്യാനേശ്വർ സിങ് അഭ്യർഥിെച്ചങ്കിലും അതിനകം പ്രഭാകർ ഒളിവിൽപോയി കഴിഞ്ഞിരുന്നു.
വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന മാലികിെൻറ ആരോപണം വന്നതിന് പിന്നാലെ ഭീഷണികൾ വരുന്നതായി വാങ്കഡെയുടെ കുടുംബം പരാതിപ്പെട്ടു. താൻ ജന്മനാ ഹിന്ദുവാണെന്നും മുസ്ലിമായ ഖുറൈശിയെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചതെന്ന് വാങ്കഡെ പിന്നീട് വിശദീകരിച്ചു. ''നികാഹ്നാമ മരിച്ചുപോയ മാതാവിെൻറ നിർബന്ധപ്രകാരം ചെയ്തതാണ്. മുസ്ലിമായിരുന്ന മാതാവിന് ഇസ്ലാം മതാചാരപ്രകാരം വിവാഹം നടക്കണമെന്നായിരുന്നു ആഗ്രഹം''- വാങ്കഡെ കൂട്ടിച്ചേർത്തു. താനൊരിക്കലും മുസ്ലിമായി മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ തന്നെ 'ദാവൂദ്' എന്ന് സ്നേഹപൂർവം വിളിക്കുമായിരുന്നുവെന്നും വാങ്കഡെയുടെ പിതാവും പറഞ്ഞു. അഭിനേത്രിയായ വാങ്കഡെയുടെ നിലവിലെ ഭാര്യ ക്രാന്തി റേദ്കറും ഭർത്താവിെൻറ രക്ഷക്കായി രംഗത്തെത്തി. 'വാങ്കഡെ ഹിന്ദുവും ആത്മാർഥതയുള്ള ഉദ്യോഗസ്ഥനുമാണെന്ന്' ക്രാന്തി പറഞ്ഞു. തെൻറ മറാഠി വേരുകൾ ഒാർമിപ്പിച്ച് 'നീതി' തേടി ഉദ്ധവ് താക്കറെക്ക് അവർ കത്തയക്കുകയും ചെയ്തു.
വാങ്കഡെ മുസ്ലിമാണോ ഹിന്ദുവാണോ എന്നത് തനിക്ക്് പ്രശ്നമല്ലെന്നും ആർക്കും ഏത് വിശ്വാസവും ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ നവാബ് മാലിക്, വ്യാജ ജാതി സർട്ടിഫിക്കറ്റാണ് പ്രശ്നമെന്ന് ആവർത്തിച്ചു. 'പട്ടികജാതി വിഭാഗത്തിലെ കഠിനാധ്വാനിയായ ഒരുകുട്ടിയുടെ അവസരമാണ് വാങ്കഡെ തട്ടിയെടുത്തത്.'
ദിവസവും രാവിലെയുള്ള മാലികിെൻറ ട്വീറ്റുകൾ എൻ.സി.ബിയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടുകൊണ്ടേയിരുന്നു. അതോടെ ബി.ജെ.പി രംഗത്തിറങ്ങി. ഷാറൂഖ് ഖാെൻറ മകനെ രക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. വാങ്കഡെ മുസ്ലിമാണെന്ന് ആരോപിക്കുക വഴി മതസൗഹാർദം തകർക്കാൻ മാലിക് ശ്രമിച്ചുവെന്ന് പറഞ്ഞ് ബി.ജെ.പി എം.എൽ.എ അതുൽ ഭട്കൽക്കർ കുർള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മാലികിെൻറ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ വാർത്തസമ്മേളനം നടത്തിപറഞ്ഞു: 'വാങ്കഡെ ഒരുദലിത് ഒാഫിസറാണ്. നല്ല ജോലി ചെയ്യുന്നയാളാണ്. അദ്ദേഹത്തെ ഉന്നംവെക്കുന്നത് ശരിയല്ല'.
ആര്യൻ കേസിൽ ബി.ജെ.പിയുടെ പങ്ക് വെളിപ്പെട്ടുവരാൻ തുടങ്ങിയയോടെയാണ് പാർട്ടിക്ക് ഹാലിളകിയത്. പക്ഷേ, റെയ്ഡ് നടക്കുേമ്പാൾ ഭാനുശാലിയുടെ സാന്നിധ്യം നിഷേധിക്കാൻ അവർക്കായില്ല. എൻ.സി.ബി വിട്ടയച്ചവരിൽ ഒരാളുടെ ബന്ധുവായ ബി.ജെ.പി നേതാവ് മോഹിത് കാംബോജ് ആകെട്ട, മാലികിനെതിരെ മാനനഷ്ട കേസ് നൽകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
തെൻറ വ്യക്തിത്വം വെളിപ്പെട്ടതിന് പിന്നാലെ മുങ്ങിയ ഗോസാവിയെ 2018 ലെ ഒരു തട്ടിപ്പ് കേസിൽ പുണെ പൊലീസ് പിന്നീട് പിടികൂടി. ഭാനുശാലിയുടെ െപാടിപോലുമില്ല കണ്ടുപിടിക്കാൻ. മുംബൈ പൊലീസിൽ നിന്ന് അറസ്റ്റ് ഭീഷണി നേരിടുന്ന സമീർ വാങ്കഡെ ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.