ന്യൂഡൽഹി: വിളകൾക്ക് താങ്ങുവില ഉറപ്പുവരുത്താൻ നിയമ നിർമാണമുൾപ്പെടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമരം വീണ്ടും സജീവമാക്കാനൊരുങ്ങി സംയുക്ത കിസാൻ മോർച്ച (എസ്.കെ.ഐം). ആദ്യഘട്ടത്തിൽ ലോക്സഭ, രാജ്യസഭ എം.പിമാരെ ജൂലൈ 16,17,18 തീയതികളിൽ എസ്.കെ.എം സംസ്ഥാന നേതൃത്വം കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ സന്ദർശിച്ച് നിവേദനം നൽകുമെന്നും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എസ്.കെ.എം നേതാക്കൾ പറഞ്ഞു.
ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനത്തിൽ കർഷകർ ‘കോർപറേറ്റ് ക്വിറ്റ് ഇന്ത്യ ദിനം’ ആയി ആചരിക്കും. ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ കാമ്പയിൻ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. വാഹന ജാഥകൾ, പദയാത്രകൾ, മഹാപഞ്ചായത്തുകൾ എന്നിവ സംഘടിപ്പിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കേന്ദ്ര ട്രേഡ് യൂനിയനുകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, സ്ത്രീകൾ, മറ്റു ബഹുജന വിഭാഗങ്ങൾ എന്നിവയുടെ ഏകോപന യോഗം വിളിക്കും.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക, കർഷക വായ്പ എഴുതിത്തള്ളുക, വൈദ്യുതി മേഖല സ്വകാര്യവത്കരണത്തിൽനിന്ന് പിന്മാറുക, വിളകൾക്കും മൃഗങ്ങൾക്കും സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകുക തുടങ്ങി 14 ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. കർഷക നേതാക്കളായ ഹനൻ മൊല്ല, ഡോ. സുനിലം, അവിക് സാഹ, ആർ. വെങ്കയ്യ, പ്രേംസിങ്, പി. കൃഷ്ണപ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.