മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ശിവസേന രാജ്യസഭ എം.പി സഞ്ജയ് റാവുത്ത്. നവംബർ 26ന് നിയമസഭയുടെ കാലാവധി അവസാനിച്ചിട്ടും മഹായുതി സഖ്യം മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിലാണ് സഞ്ജയ് റാവുത്തിന്റെ ആവശ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തീരുമാനത്തിലെത്താൻ കഴിയാത്തത് മഹായുതി സഖ്യത്തിന്റെ കഴിവില്ലായ്മയാണെന്നും റാവുത്ത് വിമർശിച്ചു.
'അവർക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. എന്നിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനോ സർക്കാർ രൂപവത്കരിക്കാനോ സാധിച്ചിട്ടില്ല. നവംബർ 26നകം സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.'-റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു.
288 അംഗ നിയമസഭയിൽ 233 സീറ്റുകൾ സ്വന്തമാക്കിയാണ് മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വീണ്ടും ഭരിക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ബി.ജെ.പി, ശിവസേന, എൻ.സി.പി പാർട്ടികൾക്ക് ഇതുവരെ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആരെന്നു തീരുമാനിച്ചാലുടൻ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
മുഖ്യമന്ത്രി സ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഷിൻഡെ വിഭാഗമാണ് ഇടഞ്ഞുനിൽക്കുന്നത്. എന്നാൽ ഒരിക്കൽ കൂടി മുഖ്യമന്ത്രിസ്ഥാനം ഷിൻഡെക്ക് നൽകുന്നതിൽ ബി.ജെ.പിക്ക് താൽപര്യമില്ല. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. അതിനെ എൻ.സി.പി നേതാവ് അജിത് പവാർ പിന്തുണച്ചിട്ടുമുണ്ട്.
അതിനിടെ, മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ഇത്രയും വലിയ വിജയം നേടിയത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചിട്ടാണെന്ന ആശങ്കയും റാവുത്ത് പങ്കുവെച്ചു. ഇ.വി.എമ്മിന് പകരം രാജ്യത്ത് ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പർ വഴിയുള്ള തെരഞ്ഞെടുപ്പ് ഫലം എന്താണെങ്കിലും അംഗീകരിക്കാൻ തങ്ങൾ തയാറാണെന്നും റാവുത്ത് കൂട്ടിച്ചേർത്തു. 'കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പി ഇ.വി.എമ്മുകളെ ചോദ്യം ചെയ്തിരുന്നു. മോദിയുടെ പഴയ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാം. ഇ.വി.എം എന്നത് കൃത്രിമത്വം നിറഞ്ഞതാണ് എന്നാണ് മോദി പറഞ്ഞത്. ഇ.വി.എമ്മുകൾ ഒഴിവാക്കുകയാണെങ്കിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്നും മോദി അവകാശപ്പെട്ടിരുന്നു'-റാവുത്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.