Mohan Bhagwat, Sanjay Raut

സഞ്ജയ് റാവത്ത്, മോഹൻ ഭാഗവത്

‘രാം ലല്ലയുടെ ​പേരിൽ രാഷ്ട്രീയം കളിക്കരുത്’; ആർ.എസ്.എസ് മേധാവിക്കെതിരെ സഞ്ജയ് റാവത്ത്

മുംബൈ: അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ ​പ്രസ്താവനക്കെതിരെ ശിവസേന (യു.ബി.ടി) നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. പ്രാണപ്രതിഷ്ഠക്ക് മുമ്പേ ലക്ഷക്കണക്കിന് വർഷങ്ങളായി രാം ലല്ല ഈ രാജ്യത്തുണ്ടെന്നും ആ ദിവസമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മോഹൻ ഭാഗവത് പറഞ്ഞത് തെറ്റാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് മേധാവി ബഹുമാനിക്കപ്പെടേണ്ടയാളാണെങ്കിലും ഈ രാജ്യത്തിന്റെ ഭരണഘടനാ ശിൽപിയല്ലെന്നും റാവത്ത് ഒളിയമ്പെയ്തു.

‘ആ ദിവസമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മോഹൻ ഭാഗവത് പറഞ്ഞത് തെറ്റാണ്. ലക്ഷക്കണക്കിന് വർഷങ്ങളായി രാം ലല്ല ഈ രാജ്യത്തുണ്ട്. രാം ലല്ലയ്ക്കുവേണ്ടി ഞങ്ങൾ നേരത്തെയും പ്രസ്ഥാനം നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരും. രാം ലല്ലയുടെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്. അപ്പോൾ മാത്രമേ രാജ്യം യഥാർഥ അർഥത്തിൽ സ്വതന്ത്രമാകൂ’ -റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രാണ​ പ്രതിഷ്ഠ ആഘോഷം രാജ്യത്തിന്റെ അഭിമാനമാണ്. എല്ലാവരും അതിന് സംഭാവന നൽകിയിട്ടുണ്ട്. ആർ.എസ്.എസ് മേധാവി തീർച്ചയായും ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ്. പക്ഷേ, അദ്ദേഹം ഈ രാജ്യത്തിന്റെ ഭരണഘടനാ ശിൽപിയല്ല. അദ്ദേഹം നിയമം നിർമിച്ചിട്ടില്ല. അത് മാറ്റാൻ കഴിയുന്ന ആളുമല്ല’ -റാവത്ത് ചൂണ്ടിക്കാട്ടി.

പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് അഭിപ്രായപ്പെട്ട മോഹൻ ഭാഗവത്, പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠ ദ്വാദശിയായി ആഘോഷിക്കുമെന്നും പറഞ്ഞിരുന്നു. ഭാരതത്തിന്റെ യഥാർഥ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനമായിരിക്കും അതെന്നുമായിരുന്നു ഭാഗവതിന്റെ വാദം. ഇ​ന്ദോറിൽ നടന്ന ചടങ്ങിൽ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിക്ക് ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഭാഗവതിന്റെ അഭിപ്രായ പ്രകടനം.

ആരെയും എതിർക്കാൻ വേണ്ടിയല്ല രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങിയത്. ലോകത്തിന് മുന്നിൽ രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കുന്നതിന് വേണ്ടിയാണ്. 2024 ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നപ്പോൾ രാജ്യത്ത് ഒരു തരത്തിലുമുള്ള സംഘർഷവും ഉണ്ടായില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Tags:    
News Summary - Sanjay Raut Slamming RSS Chief Mohan Bhagwat Over Ram Lalla and Independence Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.