ഹരിയാന തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വെള്ളം കുടിപ്പിക്കാനിറങ്ങി ഉരുക്കു വനിത സാവിത്രി ജിൻഡാൽ

ഛണ്ഡിഗഢ്: ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്‌സനും രാജ്യത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളുമായ സാവിത്രി ജിൻഡാൽ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ കളത്തിലിറങ്ങുമ്പോൾ ഇന്ത്യ ഉറ്റുനോക്കുന്ന പോരാട്ടമായി അതു മാറുന്നു. ബി.ജെ.പിയെ വെള്ളം കുടിപ്പിക്കാനിറങ്ങിയിരിക്കുകയാണ് ഉരുക്കു വനിത സാവിത്രി ജിൻഡാൽ.

ബി.ജെ.പിയുടെ കമൽ ഗുപ്തക്കെതിരെ ടോർച്ച് അടയാളത്തിൽ പോരാട്ടത്തിനിറങ്ങു​ന്ന ഉരുക്കു വനിത ജനങ്ങൾ കൂടെയുണ്ടെന്ന് പതിഞ്ഞ ശബ്ദത്തിൽ പറയുന്നു. രണ്ട് തവണ എം.എൽ.എയും മുൻ മന്ത്രിയുമായ 74 കാരിയായ സാവിത്രി ജിൻഡാൽ നേരത്തേ കോൺഗ്രസിലായിരുന്നു.

ദിനേന 15 ലേറെ തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് അവർ സംസാരിക്കുന്നത്. ഹിസാർ മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിക്കുന്ന 21 പേരിലെ ഏക വനിതയുമാണ് സാവിത്രി. കോൺഗ്രസിന്റെ രാംനിവാസ് രാര, ഐ.എൻ.എൽ.ഡിയുടെ ശ്യാം ലാൽ ഗാർഗ്, ജെ.ജെ.പിയുടെ രവി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖർ. 2005ൽ ഹെലികോപ്ടർ അപകടത്തിൽ ഭർത്താവ് ഒ.പി. ജിൻഡാൽ മരിച്ചതിനെത്തുടർന്നാണ് ഇവർ രാഷ്ട്രീയത്തിൽ സജീവമായത്. അതേവർഷം തന്നെ ഹിസാർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ഭൂപീന്ദർ സിങ് ഹൂഡയുടെ സർക്കാരിൽ മന്ത്രിയാവുകയും ചെയ്തു. 2009ൽ അവർ വീണ്ടും ജയിച്ച് ഹൂഡ സർക്കാരിൽ വീണ്ടും മന്ത്രിയായി. 2014ൽ ബി.ജെ.പിയുടെ കമൽ ഗുപ്തയോട് തോറ്റു. 2019ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. മകൻ നവീൻ ജിൻഡാൽ കുരുക്ഷേത്ര ലോക്‌സഭാ സീറ്റിൽ നിന്നുള്ള ബി.ജെ.പി എം.പി ആയതിനാൽ സ്വതന്ത്രയാണെങ്കിലും കൂറ് ബി.ജെ.പിയോടായിരിക്കുമെന്ന് എതിരാളികൾ ആരോപണമുന്നയിക്കുന്നുണ്ട്. സാവിത്രി ജിൻഡാലിന്റെ മകന്റെ ബി.ജെ.പി പശ്ചാത്തലം തിരിഞ്ഞു ​കുത്തുമോയെന്ന് സ്ഥാനാർഥി കമൽ ഗുപ്തക്ക് കടുത്ത ആശങ്കയുമുണ്ട്.

എന്നാൽ ഹിസാറിൽ ഇത്തവണ കോൺഗ്രസ് സീറ്റ് നൽകാത്തതിനാലാണ് സ്വതന്ത്രയായി മത്സരിക്കുന്നതെന്നാണ് സാവിത്രി ജിൻഡാലിന്റെ വാദം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കണമെന്നാണ് സാവിത്രി ജിൻഡാൽ പറയുന്നത്. 30,000 ബനിയ വോട്ടുകളും 20,000 പഞ്ചാബികളും 13,000 ജാട്ടുകളും 10,000 ബ്രാഹ്മണരും ഉള്ള മണ്ഡലത്തിൽ ഇന്ത്യയിലെ ഏറ്റവും ധനാഢ്യയായ വനിത നിയമസഭയിലെത്തുമോയെന്ന് കാത്തിരുന്നു കാണാം. 

Tags:    
News Summary - Haryana election: Savitri Jindal, the iron woman, has come to make BJP drink water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.