ന്യൂഡല്‍ഹി: പ്രവാചകനിന്ദ പരാമർശം നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമക്കെതിരെ സുപ്രീംകോടതി നടത്തിയ അതിരൂക്ഷ വിമർശനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്ക് ലഭിച്ച പരാതി പരിഗണിക്കരുതെന്ന് ആൾ ഇന്ത്യ ബാർ അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തെഴുതി.
ജസ്റ്റിസ് സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ ഒന്നിന് നൂപുർ ശർമക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചത്. നൂപുർ ശർമയുടെ വിടുവായത്തംമൂലം രാജ്യം ഒന്നടങ്കം കത്തുകയാണെന്നും രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദി അവർ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കേസിന്റെ വിചാരണ നടക്കുമ്പോൾ ജഡ്ജിമാർ നിഗൂഢമായ മൗനം പാലിക്കുകയല്ല, അഭിഭാഷകരുമായി സംവദിക്കുകയാണ് ചെയ്യുക. ഇത്തരം സംവാദങ്ങൾക്കിടയിൽ കാര്യങ്ങൾ തുറന്നു പറയുകയും നിരീക്ഷണങ്ങളും നിർദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്യുന്നത് സാധാരണമാണ്.
നിരീക്ഷണങ്ങൾ അപ്രസക്തമാണെങ്കിൽ പോലും അവ ഒഴിവാക്കാനുള്ള ആവശ്യം ഉയരാൻ പാടില്ലാത്തതാണ്. നൂപുർ ശർമക്കെതിരായ പരാമർശങ്ങൾ നിരീക്ഷണങ്ങൾ മാത്രമാണ്. അവക്ക് മുൻവിധിയുടെ സ്വഭാവമില്ലെന്നും ബാർ അസോസിയേഷൻ ജസ്റ്റിസ് രമണക്കെഴുതിയ കത്തിൽ പറഞ്ഞു.
സുപ്രീംകോടതി നൂപുർ ശർമയെ രൂക്ഷമായി വിമർശിച്ചതിനെതിരെ മുൻ ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരും പ്രസ്താവനയുമായി രംഗത്തു വന്ന പശ്ചാത്തലത്തിലായിരുന്നു ബാർ അസോസിയേഷന്റെ കത്ത്. 15 ഹൈകോടതി ജഡ്ജിമാർ, അഖിലേന്ത്യ സർവിസിലെ 77 മുൻ ഉദ്യോഗസ്ഥർ, 25 വിമുക്തഭടന്മാർ എന്നിവരായിരുന്നു പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ബോംബെ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, കേരള ഹൈകോടതി മുൻ ജഡ്ജി പി.എൻ. രവീന്ദ്രൻ, ഗുജറാത്ത് ഹൈകോടതി മുൻ ജഡ്ജി എസ്.എം. സോണി, രാജസ്ഥാൻ ഹൈകോടതി മുൻ ജഡ്ജിമാരായ ആർ.എസ്. രാതോർ, പ്രശാന്ത് അഗർവാൾ, ഡൽഹി ഹൈകോടതി മുൻ ജഡ്ജി എസ്.എൻ. ദിൻഗ്ര, മുൻ ഐ.എ.എസ് ഓഫിസർ ആനന്ദ് ബോസ്, മുൻ അംബാസഡർ നിരഞ്ജൻ ദേശായി, റിട്ട. ലഫ്റ്റനന്റ് ജനറൽ വി.കെ. ചതുർവേദി, മുൻ എയർമാർഷൽ എസ്.പി. സിങ് എന്നിവരാണ് പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ്താവനയിൽ ഒപ്പുവെച്ച പ്രമുഖർ.
നിർഭാഗ്യകരമായ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നിയമപരമായ ധാർമികതയുമായി പൊരുത്തപ്പെടുന്നില്ലെന്നും രാജ്യത്തും പുറത്തും വിപരീത തരംഗം സൃഷ്ടിച്ചതായും അവർ ആരോപിച്ചിരുന്നു. വിചാരണയില്ലാതെ ഒരാൾക്കെതിരെ പറയുന്നത് നിയമവ്യവസ്ഥയെ തകർക്കുകയും വിചാരണ സമയത്ത് മുൻവിധിയോടുകൂടി സമീപിക്കാൻ ഇടയാക്കുകയും ചെയ്യും. കോടതിയുടെ പരാമർശം ഇന്ത്യൻ ജനാധിപത്യത്തിന് തീരാക്കളങ്കമായി നിലനിൽക്കും. ഇത് പിൻവലിക്കാൻ കോടതി അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.