ആർക്കും പ്രത്യേക പരിഗണനയില്ല; അമിത് ഷാക്ക് സുപ്രീംകോടതിയുടെ മറുപടി

ന്യൂഡൽഹി: ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പ്രത്യേക പരിഗണന ലഭിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി സുപ്രീംകോടതി. ആർക്കും പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും കോടതി വിധിയിൽ അക്കാര്യം വ്യക്തമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

‘വിധിക്കെതിരെയുള്ള വിമര്‍ശനങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആ വിഷയത്തിലേക്ക് കടക്കുന്നില്ല. അദ്ദേഹം എപ്പോഴാണ് ജയിലിൽ തിരിച്ചെത്തേണ്ടത് എന്ന് ഉത്തരവില്‍ വ്യക്തമാണ്. ഇത് പരമോന്നത കോടതിയുടെ ഉത്തരവാണ്, അത് നിയമപ്രകാരം നടപ്പിൽവരും. ആർക്കും പ്രത്യേക ഒഴിവ് നൽകുന്നില്ല’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി അസാധാരണമാണെന്നും അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചതായി രാജ്യത്തെ നിരവധി പേർ കരുതുന്നുവെന്നുമായിരുന്നു ബുധനാഴ്ച വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത്. മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റിനെതിരെയുള്ള കെജ്രിവാളിന്റെ ഹരജി വ്യാഴാഴ്ച പരിഗണിക്കുന്നതിനിടെയാണ്, കേസുമായി ബന്ധപ്പെട്ട് കെജ്രിവാൾ പരാമർശം നടത്തിയെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് അമിത് ഷാ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പേര് പറയാതെ കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. രാജ്യത്തെ ഉന്നതനായ മന്ത്രിയാണ്, സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്ന് സിങ്‍വി പറഞ്ഞു.

ജനങ്ങള്‍ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ രണ്ടിന് തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ലെന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാൾ നടത്തിയ പ്രസ്താവനയാണ് ഇ.ഡി കോടതിയിൽ ഉന്നയിച്ചത്. ജാമ്യത്തിലായിരിക്കുമ്പോൾ കേസ് ചർച്ച ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥയുടെ ലംഘനമാണിതെന്നും സംവിധാനത്തിന് കരണത്തേറ്റ അടിയാണ് പ്രസ്താവനയെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

എന്നാൽ, ജയിലിൽ പോകേണ്ടിവരില്ലെന്നത് കെജ്രിവാളിന്റെ കാഴ്ചപ്പാടാണെന്ന് പറഞ്ഞ കോടതി വിഷയത്തിലേക്ക് കടക്കാൻ വിസമ്മതിച്ചു.

Tags:    
News Summary - SC reacts to Amit Shah's 'special treatment' remark on Kejriwal's bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.