ന്യൂഡൽഹി: ഉത്തർപ്രദേശിലെ 16,000 മദ്റസകളെയും 17 ലക്ഷം മദ്റസാ വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 2004ലെ ‘ഉത്തർപ്രദേശ് മദ്റസ വിദ്യാഭ്യാസ ബോർഡ് നിയമം’ റദ്ദാക്കിയ അലഹാബാദ് ഹൈകോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മദ്റസാ ബോർഡ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയ അലഹബാദ് ഹൈകോടതിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹൈകോടതി വിധി സ്റ്റേ ചെയ്തത്.
അതേസമയം വിവാദ വിധിയെ പിന്തുണക്കുന്ന നിലപാടാണ് ഉത്തർപ്രദേശ്, കേന്ദ്ര സർക്കാറുകൾ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ഹരജികളിൽ ഉന്നയിച്ച വിഷയം കേസിന്റെ മെറിറ്റിനെ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് യു.പി, കേന്ദ്ര സർക്കാറുകൾക്ക് നോട്ടീസ് അയക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്.
തുടർന്ന് അഞ്ജുംഖാദിരി, മാനേജേഴ്സ് അസോസിയേഷൻ മദാരിസ് അറബിയ (യു.പി), ഓൾ ഇന്ത്യ ടീച്ചേഴ്സ് അസോസിയേഷൻ മദാരിസ് അറബിയ (ന്യൂഡൽഹി), മാനേജേഴ്സ് അസോസിയേഷൻ അറബി മദ്റസ നയീബസാർ, ടീച്ചേഴ്സ് അസോസിയേഷൻ മദാരിസ് അറബിയ കാൺപൂർ എന്നിവരുടെ ഹരജികളിൽ നോട്ടീസ് അയച്ച് കേസ് ജൂലൈയിലേക്ക് മാറ്റി.
യു.പി മദ്റസ വിദ്യാഭ്യാസ ബോർഡ് നിയമത്തിലെ വ്യവസ്ഥകൾ അലഹബാദ് ഹൈകോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ നടപടിയെന്ന് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പ്രസ്തുത നിയമം ഒരു മതശാസനയും നൽകുന്നില്ലെന്ന് ബെഞ്ച് തുടർന്നു. യഥാർഥത്തിൽ നിയമം ഉണ്ടാക്കിയത് തന്നെ മദ്റസകളുടെ സ്വഭാവത്തെ നിയന്ത്രിക്കാനാണ്. മദ്റസാ വിദ്യാഭ്യാസ ബോർഡിന്റെ സ്ഥാപനം മതേതര വിദ്യാഭ്യാസത്തെ തകർക്കുമെന്നാണ് അലഹബാദ് ഹൈകോടതി പറഞ്ഞത്.
മദ്റസാ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനെക്കുറിച്ചായിരുന്നു ആശങ്കയെങ്കിൽ മദ്റസാ ബോർഡ് നിയമം റദ്ദാക്കുകയല്ല പരിഹാരം. മെച്ചപ്പെട്ട വിദ്യാഭ്യാസം ഈ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടരുതെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഹൈകോടതി ചെയ്യേണ്ടിയിരുന്നത്. മികച്ച വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുക എന്നത് ഭരണകൂടത്തിന്റെ നിയമപരമായ പൊതുതാൽപര്യമാണ്. അതിനായി നിയമം തന്നെ റദ്ദാക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
യു.പി സർക്കാർ ഹൈകോടതി വിധിയെ പിന്തുണക്കുന്നുവെന്ന് അറിയിച്ച അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് നിങ്ങൾ നിയമത്തെയല്ലേ പ്രതിരോധിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ, കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയും ഹൈകോടതി വിധിക്കൊപ്പമാണ് തങ്ങളെന്ന് കോടതിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.