ബോണ്ട് നമ്പർ എവിടെ? സുപ്രീംകോടതിയുടെ നിർണായക ചോദ്യത്തിന് എസ്.ബി.ഐ ഇന്ന് മറുപടി നൽകും

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് മറുപടി നൽകും. ബോണ്ടുകളുടെ സവിശേഷ തിരിച്ചറിയൽ നമ്പർ (അൽഫ ന്യൂമെറിക് നമ്പർ) പുറത്തുവിട്ടാൽ മാത്രമാണ് ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുക. അതിനാൽ, സുപ്രീംകോടതിയിൽ എസ്.ബി.ഐ ഇന്ന് നൽകുന്ന മറുപടി നിർണായകമാകും.

ബോണ്ടിന്‍റെ നമ്പർ വെളിപ്പെടുത്താതിരുന്നതിലൂടെ വിധി എസ്.ബി.ഐ പൂർണാർഥത്തിൽ നടപ്പാക്കിയില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച വിമർശിച്ചിരുന്നു. ‘സവിശേഷ തിരിച്ചറിയൽ നമ്പർ ’ വെളിപ്പെടുത്തിയാൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച ഇലക്ടറൽ ബോണ്ടുകൾ ആരുടേതാണെന്ന് വ്യക്തമാകുമെന്നും എന്നാൽ, എസ്.ബി.ഐ ആ വിവരം കൈമാറിയില്ലെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണുമാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്.

കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയിൽ മൂന്നും അന്വേഷണം നേരിടുന്നതിന്‍റെ തെളിവുകൾ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമാണ കമ്പനികളും ബോണ്ടുകൾ വാങ്ങി. ഇവയെല്ലാം വാങ്ങിയ ബോണ്ടുകളുടെ തുക ആർക്കാണ് ലഭിച്ചതെന്ന കാര്യം പുറത്തുവരുന്നത് കേന്ദ്ര സർക്കാറിന് നിർണായകമാണ്.

പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെ​ബ്രു​വ​രി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എ​സ്.​ബി.​ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈ​മാ​റി​യ ​ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ മാർച്ച് 14ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്.

ഇ​ല​ക്ട​റ​ൽ ബോ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ജൂ​​ൺ 30 വ​​രെ സ​​മ​​യം നീ​​ട്ടി​​ന​​ൽ​​ക​​ണ​​മെ​​ന്ന് എ​​സ്.​​ബി.​​ഐ​​ ആവശ്യപ്പെട്ടെങ്കിലും ചീ​​ഫ് ജ​​സ്റ്റി​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് അ​​ധ്യ​​ക്ഷ​​നാ​​യ ഭ​​ര​​ണ​​ഘ​​ട​​ന ബെ​​ഞ്ച് അനുവദിച്ചിരുന്നില്ല. ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​യു​​ന്ന​​തു​​വ​​രെ ബോ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രാ​​തി​​രി​​ക്കാ​​ൻ എ​​സ്.​​ബി.​​ഐ​​യെ മു​​ന്നി​​ൽ നി​​ർ​​ത്തി കേ​​ന്ദ്രം ന​​ട​​ത്തി​​യ നീ​​ക്ക​​മാ​​ണ് ഇ​​തി​​ലൂ​​ടെ സു​​പ്രീം​​കോ​​ട​​തി പൊ​​ളി​​ച്ച​​ത്. 

Tags:    
News Summary - SC to decide whether SBI should disclose bond's unique numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.