ന്യൂഡൽഹി: ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന ഹാഥറസിലെ സാഹചര്യങ്ങൾ അന്വേഷിക്കുന്നതിനു പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കുമെതിരെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
മാധ്യമ പ്രവർത്തകനെതിരായ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാരായ െബന്നി െബഹനാൻ, ബിനോയ് വിശ്വം തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എതിർപ്പിെൻറ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
പ്രമുഖ അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും നിരവധി മനുഷ്യാവകാശ പ്രവർത്തകരും യു.പി പൊലീസ് നടപടിയെ അപലപിച്ചു. വസ്തുതകൾ പുറത്തു കൊണ്ടുവരാനുള്ള നിശ്ചയദാർഢ്യത്തിൽനിന്ന് ഇത്തരം അടിച്ചമർത്തലുകൾ മാധ്യമ പ്രവർത്തകരെ പിന്തിരിപ്പിക്കില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് മാധ്യമ പ്രവർത്തകനെ പൊലീസ് ജയിലിലാക്കിയതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡൻറ് കെ.എം. ഖാദർ മൊയ്തീൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ. നവാസ് കനി എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സ്വേച്ഛാധിപതികൾക്കു കീഴിലാണ് കൃത്യനിർവഹണം നടത്തുന്നവരെ ഇത്തരത്തിൽ വേട്ടയാടുകയെന്ന് അവർ പറഞ്ഞു.
14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിദ്ദീഖ് കാപ്പൻ അടക്കം പിടികൂടിയ നാലുപേർ. അഭിഭാഷകർക്ക് കാണാൻ അനുമതി ലഭിച്ചില്ല. ഇതിനിടെ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതൃത്വം സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി ഈ മാസം 12ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.