ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച; അമിത് ഷാക്ക് കോൺഗ്രസ് കത്തയച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഒന്നിൽ കൂടുതൽ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ്. സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. യാത്ര ഡൽഹിയിലെത്തിയപ്പോൾ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുൽ ഗാന്ധിക്ക് അത് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നില്ല. കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രയിലെ സഹയാത്രികരുമാണ് രാഹുലിന് സുരക്ഷാവലയം തീർത്തത്. ഡൽഹി പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു എന്നും വേണുഗോപാൽ കത്തിൽ കുറ്റപ്പെടുത്തി.

യാത്രയിൽ പങ്കെടുക്കുന്നവരെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജനുവരി മൂന്നിന് കശ്മീർ ഗേറ്റിൽനിന്നാണ് ജോഡോ യാത്ര പുനരാരംഭിക്കുന്നത്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സുരക്ഷാ പ്രശ്‌നമുള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്നുപോകാനുള്ളതെന്നും അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

ഭാരത് ജോഡോ യാത്ര നിർത്തിവെപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. യാത്രയെ അപകീർത്തിപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ച് യാത്ര തടസപ്പെടുത്താൻ ശ്രമിക്കുന്നവർ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Security breach in Bharat Jodo Yatra; Congress has sent a letter to Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.