മുംബൈ: ബുൽദാന ഗ്രാമവാസികളുടെ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ഐ.സി.എം.ആർ. മുടികൊഴിച്ചിൽ കേസുകൾ റിപ്പോർട്ട് ചെയ്ത 15 ഗ്രാമങ്ങളിലെ ആളുകളുടെ രക്തത്തിലും മുടിയിലും സെലീനിയത്തിന്റെ അളവ് കുടുതലാണെന്നാണ് ഐ.സി.എം.ആർ കണ്ടെത്തൽ. എന്നാൽ, ഇവരുടെ ശരീരത്തിൽ സെലീനിയം എത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് ഐ.സി.എം.ആറിനും വ്യക്തതയില്ല.
സെലീനിയത്തിന്റെ സാന്നിധ്യം മുടികൊഴിച്ചിലിന് കാരണമാകുമെന്ന് മുംബൈ സർവകലാശാല ശാസ്ത്രജ്ഞൻ പ്രഫ. അരുൺ സാവന്ത് പറഞ്ഞു. ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ മണ്ണിന്റെയും ജലത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ന്യൂട്രോൺ ആക്ടിവേഷൻ അനാലിസിസ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാംസം, മത്സ്യം, മുട്ട, സെലീനിയം സമ്പന്നമായ മണ്ണിൽ വളരുന്ന സസ്യങ്ങൾ എന്നിവയിലൂടെയെല്ലാം ലോഹം മനുഷ്യ ശരീരത്തിലേക്ക് എത്താമെന്നാണ് റിപ്പോർട്ട്.
ഡിസംബറിലാണ് മുന്നൂറിലധികം പേർക്ക് മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്തത്. ഗ്രാമങ്ങളിലെ മുഴുവൻ ജലാശയങ്ങളിലും ക്ലോറിനേഷൻ നടത്താൻ ജില്ല ഭരണകൂടം നിർദേശിച്ചിരുന്നു. ഗ്രാമവാസികളെ പൊതുചടങ്ങുകളിൽനിന്ന് മാറ്റി നിർത്തിയെന്നും കല്യാണാലോചനകൾ മുടങ്ങിയെന്നും പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.