ന്യൂഡൽഹി: നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി രണ്ടാം യോഗം ചേർന്നിരുന്നു. ഗുജറാത്ത് (14), രാജസ്ഥാൻ (13), മധ്യപ്രദേശ് (16), അസം (14), ഉത്തരാഖണ്ഡ് (5) തുടങ്ങിയ സംസ്ഥാനങ്ങളിലെ 62 സീറ്റുകളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച നടന്നു.
മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, കമൽനാഥ്, ദിഗ്‌വിജയ സിംഗ്, ഹരീഷ് റാവത്ത്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവർ വിട്ടുനിൽക്കുകയാണെന്നും മറ്റ് നേതാക്കളുടെ പേരുകൾ നിർദേശിക്കുകയാണെന്നുമാണ് റിപ്പോർട്ട്.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തനിക്ക് പകരം മകൻ വൈഭവിന്‍റെ പേരാണ് നിർദേശിച്ചത്. ജലോർ സീറ്റിൽ വൈഭവിനെ മത്സരിപ്പിക്കാൻ ധാരണയായെന്നാണ് വിവരം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ മകനും ചിന്ദ്വാരയിൽ നിന്നുള്ള സിറ്റിങ് എം.പിയുമായ നകുൽ നാഥ് വീണ്ടും മത്സരിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹരിദ്വാറിൽ മത്സരിക്കുന്നില്ല. പകരം മകൻ വീരേന്ദ്ര റാവത്തിന് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മത്സരിക്കുന്നതിന് പകരം രാജസ്ഥാനിലെ നാല് ലോക്‌സഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഛത്തീസ്ഗഢിലെ പാർട്ടി ജനറൽ സെക്രട്ടറി ചുമതലയുള്ളയാൾ കൂടിയായ സച്ചിൻ പൈലറ്റ് ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടിയുടെ മൊത്തത്തിലുള്ള നില മെച്ചപ്പെടുത്താൻ ഛത്തീസ്ഗഡിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ 14 സീറ്റുകളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ചയായെങ്കിലും കോൺഗ്രസിന് സഖ്യം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മാർച്ച് 15ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.