ഉച്ചഭാഷിണി വിവാദം: രാജ് താക്കറെയുടെ റാലിക്ക് തിരിച്ചടി; ഔറംഗബാദിൽ നിരോധനാജ്ഞ

മുംബൈ: മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന തലവന്‍ രാജ് താക്കറെ മെയ് ഒന്നിന് ഔറംഗബാദിൽ നടത്താനിരുന്ന റാലിക്ക് തിരിച്ചടി. മെയ് ഒമ്പത് വരെ ഔറംഗബാദ് ജില്ലയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി.

എം.എൻ.എസിന്‍റെ നേതൃത്വത്തിൽ ഹനുമാന്‍ ചാലിസ ജപിക്കുന്നത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ഔറംഗബാദ് പൊലീസ് കമീഷണർ നിഖിൽ ഗുപ്ത പറഞ്ഞു. ഈ കാലയളവിൽ സംസ്ഥാനത്ത് മഹാരാഷ്ട്ര ദിനം, ഈദ്, മറ്റ് ഉത്സവങ്ങൾ എന്നിവ നടക്കുന്നതിനാൽ ക്രമസമാധാനനില കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഉത്തരവ് പ്രകാരം പ്രദേശത്ത് അഞ്ചോ, അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ആയുധങ്ങൾ കൈവശം വെക്കുന്നത്, ഉച്ചഭാഷിണിയിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത്, പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ പാട്ടുകൾ വെക്കുന്നത്, പ്രകടനങ്ങളും കുത്തിയിരിപ്പ് സമരവും നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം നിരോധിച്ചു.

മെയ് മൂന്നിനകം സംസ്ഥാനത്തെ പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. കൂടാതെ അടുത്ത അക്ഷയ ദിനത്തിൽ സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് 'മഹാ ആരതി' നടത്താൻ താക്കറെ തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൻ.എസ് നേതാവ് നിതിൻ സർദേശായിയും വെളിപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Setback for Raj Thackeray's rally amid row in Maharashtra over loudspeakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.