ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് (55) ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴു വർഷം തികയുന്നു. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാജ്യം മുഴുവൻ പടർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കർണാടക എസ്.ഐ.ടി 18 പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കേസിന്റെ വിചാരണ ബംഗളൂരുവിലെ കോടതിയിൽ നീളുകയാണ്. വിചാരണക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം നടപ്പായില്ല. മാത്രവുമല്ല, വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടി പ്രതികളിൽ നാലുപേർക്ക് ഇതിനകം കർണാടക ഹൈകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ബംഗളൂരു ബസവനഗുഡിയിലെ ‘ഗൗരി ലങ്കേഷ് പത്രികെ’യുടെ ഓഫിസിൽനിന്ന് ജോലി കഴിഞ്ഞുമടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്തുവെച്ച് ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) 18 പേരെ പ്രതി ചേർത്ത് 9325 പേജുള്ള കുറ്റപത്രം 2018 നവംബർ 23ന് സമർപ്പിച്ചിരുന്നു. സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊർ, അമോല്‍ കാലെ, അമിത് ദെഗ്വെകര്‍, സുജിത് കുമാര്‍, ഗണേഷ് മിസ്കിന്, അമിത് ബഡ്ഡി, ഭരത് ഖുരാനെ, എച്ച്. എല്‍. സുരേഷ്, രാജേഷ് ബംഗേര, സുധന്‍വ ഗൊന്ദലെകര്‍, ശരദ് കലസ്കര്‍, മോഹന്‍ നായക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, നവീന്‍ കുമാര്‍, റുഷികേശ് ദ്യോദികര്‍, വികാസ് പീട്ടീല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അമോൽ കാലെയാണ് ഒന്നാം പ്രതി. പരശുറാം വാഗ്മൊറാണ് ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമിത് ദേഗ്വെക്കറും സുജിത് കുമാറുമാണ് കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതും. ഗൗരി ലങ്കേഷിന്റെ ഘാതകർക്ക് നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും എസ്.ഐ.ടി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
കര്‍ണാടക സംഘടിത കുറ്റ നിയമത്തിനു വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ആറുപേര്‍ നിലവില്‍ മുബൈ ആര്‍തര്‍ റോഡ് ജയിലിലും ബാക്കിയുള്ള പ്രതികള്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിലുമാണ്. കോവിഡ് മഹാമാരിയെ തുടർന്നും പ്രതികൾ സമർപ്പിച്ച വിവിധ ഹരജികൾ പരിഗണിക്കുന്നതിനെയും തുടർന്ന് വിചാരണ നടപടി നീളുകയായിരുന്നു. 2002 ജൂലൈ നാലിന് വിചാരണ ആരംഭിച്ച കേസിൽ 527 സാക്ഷികളിൽ 130 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ പോഷക സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുമായി ബന്ധമുള്ളവരാണ് മോഹൻനായക് അടക്കമുള്ള പ്രതികൾ. കേസിലെ ആറാം പ്രതിയായ മോഹൻ നായകാണ് മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചത്. മോഹൻ നായക്, അമിത് ദിഗ്വേകർ, കെ.ടി. നവീൻ കുമാർ, എച്ച്.എൽ. സുരേഷ് എന്നീ പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
ജാമ്യത്തിൽ കഴിയുന്ന മണ്ഡ്യ സ്വദേശി കെ.ടി. നവീൻ കുമാറിനെ മുൻ മൈസൂരു -കുടക് എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹ സന്ദർശിച്ചിരുന്നു. ഇതിനു പുറമെ, ഗൗരി വധക്കേസിലെ പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാവുന്ന അഭിഭാഷകരെ ഗോവയിൽ ഹിന്ദു ജനജാഗ്രതി സമിതി സംഘടിപ്പിച്ച ചടങ്ങിൽ ആദരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂൺ 24 മുതൽ 30 വരെ നടന്ന ‘വൈശ്വിക് ഹിന്ദുരാഷ്ട്ര മഹോത്സവ്’ പരിപാടിയിലാണ് ഗൗരി വധക്കേസ്, നരേന്ദ്ര ദാഭോൽകർ വധക്കേസ് പ്രതികൾക്കുവേണ്ടി ഹാജരാവുന്ന അഭിഭാഷകരെ ആദരിച്ചത്. വർഗീയ വിദ്വേഷ പ്രസ്താവനകൾക്ക് കുപ്രസിദ്ധി നേടിയ തെലങ്കാനയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജാസിങ് ആയിരുന്നു അഭിഭാഷകരെ ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.