ഷബാന ആസ്മി, നസീറുദ്ദീൻ ഷാ, ജാവേദ് അക്തർ എന്നിവർ സ്ലീപ്പർ സെല്ലുകളെന്ന് ബി.ജെ.പി മന്ത്രി

ഷബാന ആസ്മി, നസീറുദ്ദീൻ ഷാ, ജാവേദ് അക്തർ എന്നിവരെ 'തുക്‌ഡെ-തുക്‌ഡെ' ഗാങ്ങിലെ സ്ലീപ്പർ സെല്ലുകളെന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളിൽ മാത്രമാണ് സിനിമാ പ്രവർത്തകർ മുറവിളി കൂട്ടുന്നതെന്നും മിശ്ര ആരോപിച്ചു. ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിക്കുന്നതിനെകുറിച്ച് സംസാരിക്കുന്നതിനിടെ ടെലിവിഷൻ അഭിമുഖത്തിനിടെ നടി ഷബാന ആസ്മി പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് അധിക്ഷേപവുമായി രംഗത്ത് എത്തിയത്.

'രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ ഇവർ നിശബ്ദത പാലിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളിൽ മാത്രം കോലാഹലം സൃഷ്ടിക്കുന്ന 'തുക്‌ഡെ-തുക്‌ഡെ' ഗാങ്ങിലെ സ്ലീപ്പർ സെല്ലുകളാണ് ഷബാന ആസ്മി, നസീറുദ്ദീൻ ഷാ എന്നിവരെപ്പോലുള്ളവർ'-മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജസ്ഥാനിൽ കനയ്യലാൽ കൊല്ലപ്പെട്ടതിനെക്കുറിച്ചോ ജാർഖണ്ഡിൽ ജീവനോടെ കത്തിച്ച സ്ത്രീയെക്കുറിച്ചോ അവർ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് രാജ്യത്ത് ജീവിക്കാൻ പേടിയാണെന്ന് നസിറുദ്ദീൻ ഷാ പറയുമെന്നും 'അവാർഡ് വാപ്പസി സംഘം' ബഹളം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് പ്രക്ഷോഭത്തിനിടെ ബില്‍ക്കീസ് ബാനുവിനെ പീഡനത്തിന് ഇരയാക്കിയ 11 പേരെ മോചിപ്പിച്ചതിനെതിരെ നടി ഷബാന അസ്മി പൊട്ടിത്തെറിച്ചിരുന്നു. പ്രതികളെ മോചിപ്പിച്ച സമയത്ത് പല തലങ്ങളില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാരിന് എതിരെയുളള പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരും മുന്നോട്ട് വന്നില്ലയെന്നും ഷബാന എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'എനിക്ക് ഒന്നും പറയാനില്ല. നാണക്കേടു കൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ല'-എന്നാണ് അവര്‍ പറഞ്ഞത്.

'നമ്മള്‍ അവര്‍ക്കു വേണ്ടി പൊരുതണ്ടേ? നീതി ലഭിക്കുന്നതു വരെ അവര്‍ക്കായി ശബ്ദമുയര്‍ത്തണം. വീടുകളില്‍ സുരക്ഷിതരല്ലാത്ത സ്ത്രീകള്‍, തങ്ങള്‍ പീഡിപ്പിക്കപ്പെടും എന്ന ഭയത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഇവര്‍ക്കെല്ലാം ആര് സുരക്ഷ നല്‍കും. ഞാന്‍ എന്‍റെ വരും തലമുറയോട് എന്തു പറയും? ബില്‍ക്കീസിന് എന്ത് ഉത്തരം നല്‍കും'-ഷബാന പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.

'ഇപ്പോഴും നടന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എത്ര വലിയ അനീതിയാണ് നടന്നതെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രതികളെ മോചിപ്പിച്ച സന്തോഷത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്നതില്‍ നിന്ന് സമൂഹത്തിന് എന്തു സന്ദേശമാണ് കൊടുക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീ ശക്തിയെ വാഴ്ത്തുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. പക്ഷേ നിസഹായരായി നോക്കി നില്‍ക്കുന്നു'-ഷബാന പറഞ്ഞു. ഷബാനയുടെ ഭര്‍ത്താവും എഴുത്തുകാരനുമായ ജാവേദ് അക്തറും ഇതിനെതിരെ രംഗത്തു വന്നിരുന്നു.

'അഞ്ചു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ പീഡിനത്തിന് ഇരയാക്കി, മൂന്നു വയസ്സ് പ്രായമുളള അവരുടെ മകളെ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിച്ചിരിക്കുന്നു. അവരെ മധുരം നല്‍കി സ്വീകരിക്കുന്നു. ചിന്തിച്ചു നോക്കൂ, ഈ സമൂഹത്തിന് എന്തോ പ്രശ്‌നമില്ലേ?'-ജാവേദ് ട്വിറ്ററില്‍ കുറിച്ചു.

Tags:    
News Summary - Shabana Azmi, Naseeruddin Shah agents of ‘tukde-tukde’ gang: Madhya Pradesh minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.