ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തുവന്നിരുന്നു. തന്നെ മർദിച്ച സംഭവത്തിൽ ബോളിവുഡ് താരങ്ങൾ മിണ്ടാത്തതിനെതിരെ കങ്കണ തന്നെ രംഗത്തു വരികയും ചെയ്തു. ഇപ്പോൾ കങ്കണയെ അനുകൂലിച്ച് വന്നിരിക്കുകയാണ് മുതിർന്ന നടി ശബാന ആസ്മി. തല്ല് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ കൂടാനില്ലെന്നാണ് ശബാന പറഞ്ഞത്. ''കങ്കണയോട് വലിയ താൽപര്യമൊന്നുമില്ല. എന്നാൽ തല്ല് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ കൂടാൻ സാധിക്കില്ല. സുരക്ഷ ജീവനക്കാർ നിയമം കൈയിലെടുക്കാൻ തുടങ്ങിയാൽ നമ്മൾ ആരും സുരക്ഷിതരല്ല.''-എന്നാണ് ശബാന ആസ്മി കുറിച്ചത്.
നേരത്തേ ശബാനയെ കടുത്ത ഭാഷയിൽ കങ്കണ വിമർശിച്ചിട്ടുണ്ട്. കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാർക്കെതിരെ ഭീകരാക്രമണം നടന്നപ്പോഴായിരുന്നു അത്. പാകിസ്താനിലെ സാഹിത്യോത്സവത്തിൽ ശബാന ആസ്മി ക്ഷണിതാവായിരുന്നു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്. എന്നാൽ സാഹിത്യോത്സവത്തിൽ ശബാന പങ്കെടുത്തിരുന്നില്ല.
ബോളിവുഡ് താരങ്ങളായ അനുപം ഖേർ, ശേഖർ സുമൻ, മകൻ ആദിത്യൻ സുമൻ എന്നിവരും കങ്കണക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കുൽവിന്ദർ കൗർ കങ്കണയുടെ കരണത്തടിച്ചത്. പതിവു സുരക്ഷ പരിശോധനക്ക് പിന്നാലെയായിരുന്നു മർദനം. കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമായിരുന്നു പ്രകോപനത്തിന് കാരണം. സമരത്തിൽ കുൽവിന്ദറിന്റെ അമ്മയും പങ്കെടുത്തിരുന്നു. 100 രൂപക്കു വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇത് സംബന്ധിച്ച കുൽവിന്ദറും കങ്കണയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ മർദിക്കുകയായിരുന്നു.
കുൽവിന്ദർ കൗറിനെ സസ്പെൻഡ് ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ, കുൽവിന്ദറിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംവിധായകനുമായ വിശാൽ ദാദ്‍ലാനി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.