മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞടുപ്പിൽ ‘മഹായുതി’ സഖ്യം വിജയിക്കുമെന്ന് ഉറപ്പായതോടെ സഖ്യത്തിനുള്ളിൽ മുഖ്യമന്ത്രിപദത്തിനായി ചരടുവലി തുടങ്ങി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി ഞായറാഴ്ച ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഷിൻഡെ വിഭാഗം ഈ ആവശ്യം ഉന്നയിക്കും.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസുമായും അജിത് പവാറുമായും സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ.പി. നദ്ദ തുടങ്ങിയവരുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്‌താകും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി.
വോട്ടെണ്ണൽ പകുതിയിലധികം പിന്നിടുമ്പോൾ കേവല ഭൂരിപക്ഷമായ 145 സീറ്റുകളും കടന്ന് 218 സീറ്റുകളിൽ മുന്നേറുകയാണ് ‘മഹായുതി’ സഖ്യം. ഇതിൽ 125 സീറ്റുകളിൽ ലീഡ് ചെയ്യുന്നത് ബി.ജെ.പിയാണ്. ‘മഹാ വികാസ് അഘാടി’ സഖ്യം ആകെ 55 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 20 സീറ്റുകളിൽ ഒതുങ്ങി.
288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, മഹാരാഷ്ട്രയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ മുംബൈയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ട്. രാജ് നാഥ്സിങ് നയിക്കുന്ന സംഘമാകും മുംബൈയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടത്തുക.
നവംബർ 26ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. എന്നാൽ മഹായുതി വിജയിച്ചത് അദാനിയുടെ സഹായത്തോടെയെന്നാണ് ഉദ്ദവ് പക്ഷം ആരോപിക്കുന്നത്. ഇത് മഹാരാഷ്ട്രയിലെ ജനവിധി അല്ലെന്നും ശിവസേന ഉദ്ദവ് പക്ഷം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.