മുംബൈ: മണിപ്പൂർ വിഷയത്തിൽ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച സർവകക്ഷി യോഗത്തിന് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനൊപ്പം. മറാത്ത മന്ദിറിന്റെ 75ാം വാർഷികച്ചടങ്ങിലാണ് പവാറിനൊപ്പം ബി.ജെ.പിയുടെ സഖ്യകക്ഷികൂടിയായ ഷിൻഡെ പങ്കെടുത്തത്.
പവാർ അധ്യക്ഷനായ ട്രസ്റ്റിന്റെ കീഴിലാണ് മറാത്ത മന്ദിർ. വാർഷികത്തിന് ഷിൻഡെയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരിട്ടുചെന്ന് പവാർ ക്ഷണിച്ചിരുന്നു. ഷിൻഡെ പക്ഷക്കാരനായ മന്ത്രി ഗുലാബ്റാവു പാട്ടീൽ ശരദ് പവാറിനൊപ്പം മുംബൈയിൽനിന്ന് ജൽഗാവിലേക്ക് ട്രെയിൻ യാത്ര നടത്തിയിരുന്നു. മറ്റൊരു മന്ത്രി ഉദയ് സാമന്ത് രണ്ടുതവണ പവാറിനെ കാണുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് അമിത്ഷാ വിളിച്ച യോഗം ഒഴിവാക്കി ഷിൻഡെ പവാറിനൊപ്പം പരിപാടിയിൽ പങ്കെടുത്തത്.
കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഡൽഹി യാത്ര ഒഴിവാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. മറ്റൊരു മന്ത്രി ദീപക് കെസാർകറെ അമിത്ഷായുടെ യോഗത്തിൽ പങ്കെടുത്തതായി ഷിൻഡെപക്ഷം പറഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി നരേന്ദ്ര വർമ, മണിപ്പൂർ സംസ്ഥാന പ്രസിഡന്റ് സോറം ഇബോയായിമ സിങ് എന്നിവരെയാണ് ശരദ് പവാർ ഡൽഹി യോഗത്തിന് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.