ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ഭാര്യാസഹോദരൻ ശരവണനെ തേടി സെന്തിൽ കുമാർ.  ഫോട്ടോ: പി. സന്ദീപ്

അങ്കോല മണ്ണിടിച്ചിൽ: ശരവണനെ തേടി ആൾക്കൂട്ടത്തിൽ തനിയെ സെന്തിൽ; ‘കേരളക്കാരെ പോലെ ചോദിക്കാൻ ആവില്ല സർ...’

ഷിരൂർ: ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ മലയാളി അർജുന് വേണ്ടി ഗംഗാവാലി പുഴയുടെ തീരത്ത് കൂടി നിന്നത് നൂറുകണക്കിന് മലയാളികളാണ്. അതിൽ നൂറോളം മാധ്യമപ്രവർത്തകർ, കാരുണ്യ പ്രവർത്തകർ, എം.എൽ.എമാർ, എം.പി മാർ, രാഷ്ടിയ നേതാക്കൾ എന്നിങ്ങനെയുണ്ട് നീണ്ട നിര. ഇന്ന് രണ്ട് മന്ത്രിമാർ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

സംഭവം നടന്ന ഷിരൂർ ഗംഗാവാലി പുഴയുടെ ഏതാനും നാഴിക ദൂരെ രക്ഷാപ്രവർത്തന ചുമതലയുള്ള റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ അർജുന്റെ പേര് തുടരെ തുടരെ പരാമർശിച്ച് വിശദീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരുടെ കൂട്ടത്തിന് ചുറ്റും ഒരു മനുഷ്യൻ നിശബ്ദനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ഇന്ദ്ര ബാലന്റെ വിശദീകരണം കഴിഞ്ഞ ഉടൻ ഈ ലേഖകനും ഫോട്ടോഗ്രാഫറും അയാളെ അന്വേഷിച്ചു. ഒടുവിൽ ഒരു ലോറിയുടെ പിറകിൽ ചാഞ്ഞിരുന്നു കണ്ണടച്ച് മുകളിലോട് തല ഉയർത്തി വിതുമ്പുന്ന അദ്ദേഹത്തെ കണ്ടെത്തി.

അയാളുടെ തോളിൽ തട്ടിവിളിച്ചു. കന്നടയിൽ ‘യാര്?’ എന്ന് ചോദിച്ചു. ‘സെന്തിൽ കുമാർ’ അയാൾ മറുപടി പറഞ്ഞു. തമിഴ്നാട് സ്വദേശി ആ​ണെന്ന് മനസ്സിലായതോ​ടെ അറിയാവുന്ന തമിഴ് വാക്കുകൾ തേടി പിടിച്ച് ചോദിച്ചു. നമ്മുടെ അർജുനെ പോലെ സെന്തിലിന്റെ ഭാര്യാസഹോദരൻ ശരവണനെയും ഈ മണ്ണിടിച്ചിലിൽ ഗംഗാവാലി വിഴുങ്ങിയിട്ടുണ്ട്. അദ്ദേഹത്തെ തേടി വന്നതാണ്.

39 വയസ്സുകാരനായ ശരവണൻ ടാങ്കർ ലോറി ഡ്രൈവറാണ്. അർജുനെ പോലെ അദ്ദേഹവും  അങ്കോലയിലെ ലക്ഷ്മണേട്ടന്റെ ചായക്കടക്ക് സമീപം ലോറി നിർത്തി വിശ്രമിക്കാൻ ഇറങ്ങിയതായിരുന്നു.  ഭാര്യയും കുഞ്ഞുമുണ്ട്. എന്നാൽ, കേരളത്തെ പോലെ ചോദിക്കാൻ ആളില്ലായിരുന്നു. നാമക്കൽ സ്വദേശിയാണ് ശരവണൻ. രണ്ടാഴ്ചയോളമായി നാട്ടിൽ നിന്ന് പുറപ്പെട്ട്. ശരവണന്റെ ലോറിയും കണ്ടെത്തിയിട്ടില്ല. പത്തു ദിവസമായി സെന്തിൽ ഈ തീരത്ത് അലഞ്ഞുതിരിയുകയാണ്.

നാമക്കൽ കലക്ടറോട് കുടുംബം പരാതി പറഞ്ഞിരുന്നു. അദ്ദേഹം കർണാടക സർക്കാറിന് ഒരു മെയിൽ അയച്ചതായി പറഞ്ഞുവെന്ന് സെന്തിൽ ഞങ്ങളോട് പറഞ്ഞു. അതിനിടെ നദിയിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ ശരവണ​േന്റതാ​ണെന്ന സംശയത്തെ തുടർന്ന് ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനായി അമ്മയുടെ ഡി.എൻ.എ സാംപ്ൾ ശേഖരിച്ചിരുന്നു.

‘കേരളക്കാരെ പോലെ ചോദിക്കാൻ ആവില്ല സർ...’ -അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. ‘നീങ്ക റൊമ്പ പെരിയവർ...’ അയാളുടെ നിസ്സഹായത കണ്ണീർതുള്ളിയായി വീണുടഞ്ഞു.

Tags:    
News Summary - shiroor ankola landslide: senthil searching for saravanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.