മുംബൈ: സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ എസ്.പി നേതാവ് അഅ്സം ഖാന് സമനില തെറ്റിയെന്ന് ശിവസേന. രാജ്യത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് ശിവസേന നേതാവ് മനീഷ കയാന്ദെ പറഞ്ഞു. സൈന്യത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഖാനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് ശരിയായ നടപടിയാണ്. അഅ്സം ഖാനെ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നും മനീഷ കയാന്ദെ ആവശ്യപ്പെട്ടു.
സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തെ തുടർന്ന് സമാജ്വാദിപാർട്ടി മുതിർന്ന നേതാവും മുൻ യു.പി മന്ത്രിയുമായ അഅ്സം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. വി.എച്ച്.പി നേതാവ് അനിൽ പാണ്ഡെ, മുൻ ബി.ജെ.പി മന്ത്രി ശിവ് ബഹാദൂർ സക്സേനയുടെ മകനും ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ല പ്രസിഡൻറുമായ ആകാശ് സക്സേന എന്നിവർ നൽകിയ പരാതികളിൽ ചാന്ദ്പുർ, സിവിൽ ലൈൻ പൊലീസാണ് കേസെടുത്തത്. ഇതിനുപുറമെ മീറത്തിൽ ബജ്റംഗ്ദൾ നേതാവും ഖാനെതിരെ പരാതി നൽകിയിട്ടുണ്ട്.
‘സൈനികർ നടത്തുന്ന ലൈംഗികാതിക്രമങ്ങളാണ് ചില പ്രദേശങ്ങളിൽ സൈനികരുടെ സ്വകാര്യഭാഗങ്ങൾ ഛേദിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചത്’ എന്നാണ് അസം ഖാൻ പറഞ്ഞത്. സംഭവം വിവാദമായതോടെ അഅ്സം ഖാനെതിരെ വധഭീഷണിയുമായി ഗോരക്ഷസമിതി നേതാവ് മുകേഷ് പാട്ടീൽ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.