ബംഗളൂരു: നിർമാണം പുരോഗമിക്കുന്ന കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലെ വിമാനത്താവളത്തിെൻറ ടെർമിനൽ നിർമിക്കുന്നത് താമരയുടെ മാതൃകയിൽ. മുഖ്യമന്ത്രി യെദിയൂരപ്പ ഉൾപ്പെടെ ബി.ജെ.പിയുടെ പല ദേശീയ നേതാക്കളുടെയും നാടാണ് ശിവമൊഗ്ഗ. ഇതിനാൽ തന്നെ കാവിവത്കരണം ലക്ഷ്യമിട്ടാണ് ശിവമൊഗ്ഗയിലെ വിമാനത്താവളത്തിന് ബി.ജെ.പിയുടെ ചിന്ഹമായ താമരയുടെ രൂപം നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്.
ടെർമിനലിെൻറ ഡിസൈൻ കഴിഞ്ഞ ദിവസമാണ് യെദിയൂരപ്പ പുറത്തിറക്കിയത്. ടെർമിനലിന്‍റെ ആകാശ ദൃശ്യം കാണുമ്പോഴാണ് താമരയുടെ രൂപം ശരിയായ രീതിയിൽ വ്യക്തമാകുക. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആണ് യെദിയൂരപ്പ. മകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്. ഇതിന് പുറമെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷും വർഷങ്ങളോളം ശിവമൊഗ്ഗയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ശിവമൊഗ്ഗയിലെ സൊറാബയിൽനിന്നുള്ള നേതാവാണ്. കർണാടകയിൽ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം കഴിഞ്ഞാൽ ഏറ്റവും വലിയതും സൗകര്യങ്ങളോടെയുമുള്ള രണ്ടാമത്തെ വിമാനത്താവളമായിരിക്കും ശിവമൊഗ്ഗയിലേതെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കിയത്.
അടുത്തവർഷം ജൂണോടെ വിമാനത്താവളത്തിെൻറ നിർമാണം പൂർത്തിയായി പ്രവർത്തന ക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു. ശിവമൊഗ്ഗ സിറ്റിയിൽനിന്ന് 12 കിലോമീറ്റർ ദൂരത്തിലായുള്ള സോഗനെ ഗ്രാമത്തിലാണ് 384 കോടി ചിലവിൽ വിമാനത്താവളം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.