ചെന്നൈ: ദലിത് കുട്ടികൾക്ക് മിഠായി വിൽക്കാൻ വിസമ്മതിച്ച കടയുടമയും ഇതിന് പ്രേരിപ്പിച്ചയാളും അറസ്റ്റിൽ. തെങ്കാശി ശങ്കരൻകോവിൽ പാഞ്ചാകുളം എസ്. മഹേശ്വരൻ (40), കെ. രാമചന്ദ്രമൂർത്തി (22) എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.
'അഗ്നിപഥ്' സൈനിക റിക്രൂട്ട്മെന്റിൽ രാമചന്ദ്രമൂർത്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, രണ്ടു വർഷം മുമ്പ് ദലിത്-സവർണ വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രാമചന്ദ്രമൂർത്തി പ്രതിയായതിനാൽ ജോലിയിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. കേസ് പിൻവലിക്കണമെന്നഭ്യർഥിച്ച് ദലിത് വിഭാഗക്കാരെ സമീപിച്ചുവെങ്കിലും അവർ തയാറായില്ല. ഇതോടെ ഗ്രാമത്തിൽ ചേർന്ന സവർണ വിഭാഗക്കാരുടെ യോഗത്തിൽ പ്രദേശത്തെ കടകളിൽ ദലിത് വിഭാഗക്കാർക്ക് സാധനങ്ങൾ വിൽക്കരുതെന്ന് തീരുമാനിച്ചിരുന്നു.
പാഞ്ചാകുളം ഗ്രാമത്തിലെ കടയിലെത്തിയ ദലിത് സ്കൂൾ വിദ്യാർഥികൾക്ക് മഹേശ്വരൻ മിഠായി നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇനി കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരരുതെന്നും പറഞ്ഞു. ഗ്രാമമുഖ്യർ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണിതെന്നും ഇക്കാര്യം വീട്ടുകാരെ അറിയിക്കണമെന്നും മഹേശ്വരൻ കുട്ടികളോട് പറഞ്ഞിരുന്നു. മഹേശ്വരൻതന്നെയാണ് വിഡിയോ എടുത്ത് പ്രചരിപ്പിച്ചത്. പൊലീസ് കട പൂട്ടി മുദ്രവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.