ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിന്‍റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള സംഘ്പരിവാർ ഭരണകൂടത്തിന്‍റെ തുറന്ന ആക്രമണമാണ് വഖഫ് ബില്ലെന്നും ഈ അനീതിയെ തുറന്നെ തിർക്കണമെന്നും എസ്.ഐ.ഒ. വഖഫിന് സമാനമായി മറ്റു മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനങ്ങളെ തൊടുകപോലും ചെയ്യാതെ മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെക്കുന്ന ഈ ബിൽ, നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം അനുഭവിച്ചു പോരുന്ന അവകാശങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമമം മാത്രമാണെന്നും എസ്.ഐ.ഒ കുറ്റപ്പെടുത്തി.
വഖഫ് സ്വത്തുക്കൾക്ക് നേരെയുള്ള ആസൂത്രിതമായ ആക്രമണം സംഘപരിവാർ ഭരണകൂടത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള മുസ്‌ലിം വിരുദ്ധ മുൻവിധിയെ വെളിവാക്കുന്നുവെന്ന് മാത്രമല്ല, ഭരണഘടനയുടെ 26-ാം വകുപ്പിന്‍റെ ലംഘനം കൂടിയാണ്. ബില്ലിനെതിരെ ലക്ഷക്കണക്കിനാളുകൾ ഉയർത്തിയ എതിർപ്പ് അവഗണിച്ചും അന്യായമായ നിയമനിർമാണ നടപടികളിലൂടെ ചുട്ടെടുത്ത ഈ ബിൽ, പരിഷ്കരണത്തിന്‍റെ പേരിൽ മുസ്‌ലിം മതസ്ഥാപനങ്ങളെ തുടച്ചു നീക്കുകയെന്നത് ഭരണകൂട ലക്ഷ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഇത് വഖഫ് സ്വത്തുക്കൾക്കും മുസ്‌ലിം അസ്തിത്വത്തിനും സ്വയം നിർണയാധികാരത്തിനുമുള്ള അവകാശങ്ങൾക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. വഖഫുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളും വഖഫ് സ്വത്തുക്കളുടെ അന്യായമായ കയ്യേറ്റങ്ങളും തടയാനുള്ള നിയമമെന്ന പേരിൽ വഖഫ് സ്വത്തുക്കൾക്കു മേലുള്ള വ്യവസ്ഥാപിതമായ ഭരണകൂട നിയന്ത്രണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ബിൽ ചെയ്യുന്നത്. വ്യക്തമായ ഈ അനീതി നടപ്പിലാക്കിയ വഞ്ചകർക്കും അതിനു കൂട്ടുനിന്നവർക്കും ചരിത്രം മാപ്പ് നൽകില്ല. മുസ്‌ലിംകളുടെ മതപരവും ചരിത്രപരവുമായ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടാതെ നീതിക്കായുള്ള ഈ പോരാട്ടം അവസാനിക്കുകയുമില്ലെന്ന് എസ്.ഐ.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.