ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിലെ സാഹചര്യങ്ങൾ കരുതിയതിനേക്കാൾ ഭീകരമെന്ന് രാഹുൽ ഗാന്ധിക്കൊപ്പം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ലോകം കേട്ടറിഞ്ഞതിന്‍റെ ഇരട്ടിയാണ് പ്രയാസങ്ങൾ. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കേട്ടത് ഭീതിദമായ കഥകൾ. മക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവരും രക്ഷാകർത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ ദിവസങ്ങൾ തള്ളി നീക്കുന്നു. ഇൻറർനെറ്റ് സേവനങ്ങൾ ഇല്ലാത്തതിനാൽ യഥാർഥ ചിത്രം പുറംലോകം അറിഞ്ഞിട്ടില്ല.
ജനങ്ങളുടെ ദുരന്തത്തിന്‍റെ ആഴം വ്യക്തമാകാനും വിഷയത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരാനും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് വേണുഗോപാൽ പറഞ്ഞു. ആയിരങ്ങളാണ് രാഹുലിനെ കാണാനും സങ്കടം പറയാനുമെത്തിയത്. മണിപ്പൂർ ജനത അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിച്ച് ആശ്വാസം പകരാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും അടിയന്തര നടപടി സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും കോൺഗ്രസ് പിന്തുണക്കും. മണിപ്പൂരിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കാൻ കോൺഗ്രസില്ല.
കലാപം അമർച്ച ചെയ്ത് സമാധാനം പുനഃസ്ഥാപിക്കാൻ എന്തു ചെയ്തെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വയം പരിശോധിക്കണം. രണ്ടുമാസമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നു. ഇത്തരമൊരു നിസ്സംഗത എന്തുകൊണ്ടാണ്? പൊലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികൾക്ക് കിട്ടി? പൊലീസിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് സർക്കാറിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘർഷം ഒഴിവാക്കുന്നതിൽ ഗുരുതര അലംഭാവമാണ് ഉണ്ടായത്. ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശ്വാസ നടപടികൾ വേഗത്തിൽ ഉണ്ടാകണമെന്ന് അഭ്യർഥിച്ചതായും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.