ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്താകെ 40,000ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണക്കുകൾ അറിയിച്ചതായും കേന്ദ്ര സഹായത്തിന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തിൽ വീടുകൾ തകർന്നവരെ പുനരധിവസിപ്പിക്കുന്നതിനായി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്ന് അഡ്വാൻസ് തുക അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
'കേന്ദ്രത്തിന്റെ വാതിൽ എപ്പോഴും തുറന്നിരിക്കും. ഫണ്ടിന് ക്ഷാമമില്ല. നിയമപരമായി ഞങ്ങൾ എന്ത് അവതരിപ്പിച്ചാലും ആവശ്യമായ ഫണ്ട് ലഭിക്കും. എൻ.ഡി.ആർ.എഫിൽ നിന്ന് അഡ്വാൻസ് ഫണ്ട് ഉടൻ അനുവദിക്കുന്നതിനുള്ള തന്റെ അഭ്യർഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജീവമായി പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്'- ശർമ്മ പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ കൃത്യമായ ഫണ്ട് ലഭിക്കുന്നതിന് പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് പൂർണമായി വിനിയോഗിക്കുക എന്നതായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും അതിലൂടെ സംസ്ഥാനത്തിന് അധിക ഫണ്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.