ബംഗളൂരു: ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ചികിത്സക്കായി പൊതുജനങ്ങളിൽനിന്നും പണം സ്വരൂപിക്കാനായുള്ള നെട്ടോട്ടത്തിലായിരുന്ന ബംഗളൂരുവിലെ 11 മാസം പ്രായമുള്ള ദിയയുടെ മാതാപിതാക്കളെ തേടി ആ ഫോൺ കോളെത്തി.
16 കോടിയുടെ മരുന്ന് സൗജന്യമായി ലഭിക്കുന്നതിനുള്ള നറുക്കെടുപ്പിൽ ദിയ വിജയിച്ചുവെന്നായിരുന്നു ഫോൺ കാളിലൂടെ നോവാർട്ടിസ് മാനുഫാക്ചേഴ്സ് എന്ന മരുന്ന് കമ്പനി അവരെ അറിയിച്ചത്.
മരുന്ന് സൗജന്യമായി ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനുശേഷം ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയും നടന്നു. മരുന്ന് കുത്തിവെച്ച് രണ്ടാഴ്ചക്കുശേഷം ദിയയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയതിെൻറ സന്തോഷത്തിലാണ് ദിയയുടെ മാതാപിതാക്കളായ ഭാവനയും നന്ദഗോപാലും. ലോകത്തിലെ വിലയേറിയ മരുന്നുകളിലൊന്നായ സോൾജൻസ്മ ആണ് എസ്.എം.എ ചികിത്സക്കാവശ്യമായിട്ടുള്ളത്.
ഓരോ വർഷവും ലോകത്തെ 100 കുട്ടികൾക്കാണ് കമ്പനി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് മരുന്ന് സൗജന്യമായി നൽകുന്നത്. ഏഴുമാസം പ്രായമുള്ളപ്പോഴാണ് ദിയക്ക് എസ്.എം.എ ടൈപ്പ് -രണ്ട് രോഗം സ്ഥിരീകരിച്ചത്. പീഡിയാട്രിക് ഫിസിയോതെറാപ്പിസ്റ്റായ മാതാവ് ഭാവന സംശയം തോന്നിയതിനെ തുടർന്നാണ് ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ദിയയെ കാണിക്കുന്നത്.
തുടർന്ന് ചികിത്സക്കായി 2.7 കോടിയോളം ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ചെങ്കിലും നറുക്കെടുപ്പിലൂടെ മരുന്ന് സൗജന്യമായി ലഭിക്കുമെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.