സ്ഥാനാര്‍ഥി നിര്‍ണയം: എസ്.പിയില്‍ വീണ്ടും വിള്ളല്‍

ലഖ്നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയതോടെ, സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും വിള്ളല്‍. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്‍െറ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും, മുലായം സിങ്ങിന്‍െറ സഹോദരന്‍ ശിവ്പാല്‍ യാദവും തമ്മിലെ പോരാണ് ചെറിയ ഇടവേളക്ക് ശേഷം തലപ്പൊക്കുന്നത്.

സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അഖിലേഷ് മുലായമിന് പട്ടിക നല്‍കിയതിന് പിന്നാലെ, ശിവ്പാല്‍ യാദവ് മുലായമിനെ അദ്ദേഹത്തിന്‍െറ വസതിയില്‍ ചെന്ന് കണ്ടു. ശിവ്പാലും മുലായമും തമ്മിലെ കൂടിക്കാഴ്ച മൂന്നു മണിക്കൂര്‍ നീണ്ടു.

ഗുണ്ടാത്തലവന്‍ മുഖ്താര്‍ അന്‍സാരിയുടെ സഹോദരന്‍ സിബ്ഗത്തുല്ലാഹ് അന്‍സാരിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതാണ് അഖിലേഷിനെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. 40ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആത്വിഖ് അഹ്മദിനെയും, ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ അമന്‍ മണി ത്രിപാഠിയെയും മത്സരിപ്പിക്കുന്നതിലും അഖിലേഷിന് താല്‍പര്യമില്ല.

തുടര്‍ന്ന് 403 സീറ്റുകളിലേക്കും താന്‍ പരിഗണിക്കുന്നവരുടെ പട്ടിക തയാറാക്കി മുലായമിന് നല്‍കുകയായിരുന്നു. എന്നാല്‍, അഖിലേഷുമായി ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ശിവ്പാല്‍ യാദവ് തള്ളി. പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചെറിയ വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, അവ പരിഹരിക്കപ്പെടുമെന്നും, ശിവ്പാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.പിയിലെ തര്‍ക്കം യാദവ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി പ്രതികരിച്ചു. വിഷയം എസ്.പിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ പ്രതികരണം. എസ്.പിയില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.

Tags:    
News Summary - SP looks inept to exploit the issue of demonetisation in their ongoing election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.