ന്യൂഡൽഹി: പാർലമെന്റിൽ വെച്ച് കണ്ടുമുട്ടിയ പ്രിയങ്ക ഗാന്ധി എം.പിയുടെ കവിളിൽ രാഹുൽ ഗാന്ധി എം.പി സ്നേഹത്തോടെ തലോടുന്നതിനെ മോശമായി ചിത്രീകരിച്ച് ബി.ജെ.പി നേതാക്കൾ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പല അംഗങ്ങളും സഭയിൽ മരാദ്യയോടെ പെരുമാറുന്നില്ലെന്ന ലോക്സഭ സ്പീക്കർ ഓം ബിർലയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് പ്രിയങ്കയോട് വാത്സല്യത്തോടെ പെരുമാറുന്ന രാഹുലിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് ബി.ജെ.പി നേതാവ് അമിത് മാളവ്യ അടക്കമുള്ളവർ രംഗത്തുവന്നത്. ഇതിനേക്കുറിച്ചാണ് സ്പീക്കർ പറഞ്ഞതെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു.
മാർച്ച് 18 ലോക്സഭയിൽ രാഹുൽ എത്തുമ്പോഴുള്ള ദൃശ്യമാണ് അമിത് മാളവ്യ പങ്കുവെച്ചത്. ‘പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ അടിസ്ഥാന പാർലമെന്ററി മര്യാദയെക്കുറിച്ച് ലോക്‌സഭാ സ്പീക്കർ ഓർമിപ്പിക്കേണ്ടി വരുന്നത് അപമാനകരമാണ്. ബാലിശക്കാരനായ ഈ മനുഷ്യനെ കോൺഗ്രസ് നമ്മുടെ മേൽ അടിച്ചേൽപ്പിച്ചത് ശരിക്കും നിർഭാഗ്യകരമാണ്’ -എന്നായിരുന്നു വിഡിയോയുടെ കൂടെ മാളവ്യയുടെ കുറിപ്പ്. എന്നാൽ, സാഹോദര്യ ബന്ധത്തിന്റെ മൂല്യം ബി.ജെ.പിക്കാർക്ക് മനസ്സിലാവില്ലെന്നായിരുന്നു നെറ്റിസൺസ് ഇതിനോട് പ്രതികരിച്ചത്. ‘ഇന്ത്യയിൽ സഹോദരന് സ്വന്തം സഹോദരിയെ സ്വാഗതം ചെയ്യാൻ ഒരു ബാലിശമായ നിർദേശം ആവശ്യമുണ്ടോ? ലജ്ജയില്ലാത്ത ബിജെപിയും അതിന്റെ മാനസികാവസ്ഥയും….’ -എന്നായിരുന്നു ഒരാളുടെ മറുപടി. ‘ആദ്യം നിങ്ങൾ ജനാധിപത്യ മര്യാദ പഠിക്കൂ... ലോക്‌സഭയും രാജ്യസഭയും ഗുണ്ടരാജിനെ പോലെയാണ് ഭരിക്കുന്നത്!! ബിജെപിക്ക് ബന്ധത്തിന്റെ മൂല്യം മനസ്സിലാകുന്നില്ല...’ -മറ്റൊരാൾ അമിത് മാളവ്യയോട് പറഞ്ഞു.
കടുത്ത ഭാഷയിലാണ് സ്പീക്കർ ഓംബിർല രാഹുലിനെ ശകാരിച്ചത്. സഭ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് സ്പീക്കറുടെ പരാമർശം: “പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭർത്താവും ഭാര്യയുമെല്ലാം സഭയിൽ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയിൽ പെരുമാറിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയിൽ പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” -സ്പീക്കർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ 70 കോൺഗ്രസ് എം.പിമാർ സ്പീക്കറെ കണ്ടപ്പോൾ ‘തന്നേക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്’ എന്നായിരുന്നു സ്പീക്കറുടെ മറുപടി.
സ്പീക്കർ ഓം ബിർല ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. “സഭയിൽ മറുപടി പറയാനുണ്ടെന്ന് അറിയിച്ചെങ്കിലും കേൾക്കാൻ കാത്തുനിൽക്കാതെ സ്പീക്കർ പോയി. അകാരണമായി സഭ പിരിച്ചുവിട്ട് അദ്ദേഹം മടങ്ങി. എപ്പോഴൊക്കെ എഴുന്നേൽക്കുമ്പോഴും എനിക്ക് സംസാരിക്കാൻ അനുമതി ലഭിക്കാറില്ല. കഴിഞ്ഞ ഏഴെട്ടു ദിവസമായി ഒരക്ഷരം മിണ്ടാൻ അനുവദിച്ചിട്ടില്ല. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുക എന്നത് പുതിയ തന്ത്രമാണ്. പ്രധാനമന്ത്രി കുംഭമേളയുടെ വിജയത്തേക്കുറിച്ച് സംസാരിച്ച ദിവസം തൊഴിലില്ലായ്മയെ കുറിച്ചും കുംഭമേളയെക്കുറിച്ചും എനിക്കും സംസാരിക്കാനുണ്ടായിരുന്നു. എന്നാൽ, അനുവദിച്ചില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്” -രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, സ്പീക്കറുടെ നടപടി സ്കൂൾ ഹെഡ്മാസ്റ്ററെ ഓർമിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു. "എന്തായിരുന്നു സ്പീക്കറെ പ്രകോപിപ്പിച്ചതെന്നോ ഇത് പറയാൻ കാരണം എന്താണെന്നോ എനിക്കറിയില്ല... സ്കൂളിലെ പ്രധാനാധ്യാപകനെ ഓർമ്മിപ്പിക്കുന്നതായിരുന്നു സ്പീക്കറുടെ പെരുമാറ്റം... എന്റെ സ്കൂൾ അസംബ്ലിയിൽ തിരിച്ചെത്തിയതുപോലെ എനിക്ക് തോന്നി... എന്തുകൊണ്ടാണ് സഭ നിർത്തിവച്ചതെന്ന് എനിക്കറിയില്ല’ -കാർത്തി ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.