ബംഗളൂരു: ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷും പുരോഗമന എഴുത്തുകാരൻ പ്രഫ. എം.എം. കൽബുർഗിയും ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കോടതി രൂപവത്കരണ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും കൽബുർഗിയുടെ ഭാര്യ ഉമാദേവിയും മുഖ്യമന്ത്രിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) 18 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു. 2018ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കഴിഞ്ഞവർഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കോവിഡ് കാലമായതിനാൽ പ്രതികളെ ഹാജരാക്കുന്നതിലും മറ്റുമുള്ള സാങ്കേതിക തടസ്സങ്ങൾ കാരണം വിചാരണ വൈകുകയായിരുന്നു.
2015 ആഗസ്റ്റ് 31 നാണ് പ്രഫ. എം.എം. കൽബുർഗി ധാർവാഡിലെ വീട്ടിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വിദ്യാർഥികളെന്ന് പരിചയപ്പെടുത്തി കൽബുർഗിയുടെ വീട്ടിൽ പ്രവേശിച്ച ഹിന്ദുത്വ തീവ്രവാദികൾ നാടൻ തോക്കുപയോഗിച്ച് പോയന്റ് ബ്ലാങ്കിൽ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ഈ കേസിൽ 2019ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൽബുർഗിയുടെ ഭാര്യ ഉമാദേവി സുപ്രീംകോടതിയെവരെ സമീപിച്ചു.
ഗൗരി ലങ്കേഷ് വധക്കേസിൽ എസ്.ഐ.ടി നടത്തിയ ഊർജിത അന്വേഷണമാണ് കൽബുർഗി വധക്കേസിലും തുണയായത്. സമാനരീതിയിൽ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നരേന്ദ്ര ദബോൽകർ, ഗോവിന്ദ് പൻസാരെ കേസുകളിലും പ്രതികൾക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഗോവ കേന്ദ്രമായ ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുമായും അതിന്റെ പോഷക സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളവരാണ് പ്രതികളെന്നാണ് കണ്ടെത്തൽ.
ഗൗരി ലങ്കേഷ് കേസിൽ 530 സാക്ഷികളിൽ 97 പേരെയാണ് വിസ്തരിച്ചത്. കൽബുർഗി വധക്കേസിലാകട്ടെ 143 സാക്ഷികളിൽ ആറു പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. ഇരു കേസുകളിലെയും മിക്ക പ്രതികളും ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് കഴിയുന്നത് എന്നതിനാൽ ബംഗളൂരുവിലായിരിക്കും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുക എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.