ബംഗളൂരു: കേരളത്തിൽ കണ്ണൂരിലേക്ക് ഉൾപ്പെടെ പ്രത്യേക ട്രെയിൻ സർവിസുകൾ നടത്താനുള്ള നിർദേശം സമർപ്പിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലു ദിവസം മംഗളൂരു വഴി പ്രത്യേക ട്രെയിൻ (16511/16512) ഒാടിക്കുന്നതിനുള്ള നിർദേശമാണ് റെയിൽവേ ബോർഡിനു കൈമാറിയത്.
വിവിധയിടങ്ങളിലേക്കായി എട്ടു പ്രത്യേക ട്രെയിൻ സർവിസുകൾ ആരംഭിക്കാനുള്ള അനുമതിയാണ് തേടിയത്. ബംഗളൂരുവില്‍നിന്ന് രാത്രി 7.15ന് പുറപ്പെടുന്ന ട്രെയിൻ മംഗളൂരുവിലൂടെ പിറ്റേദിവസം രാവിലെ 10.10ന് കണ്ണൂരിലെത്തും. തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20ന് ബംഗളൂരുവിലെത്തുന്ന തരത്തിലാണ് ട്രെയിൻ സർവിസ് ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍ ബംഗളൂരു സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന് യശ്വന്തപുര, കുനിഗല്‍, ബി.ജി. നഗര്‍, ശ്രാവണബെലഗോള, ചന്നരായപട്ടണ, ഹാസന്‍, സകലേഷ്പുര, സുബ്രമണ്യറോഡ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. കണ്ണൂരിലേക്ക് മൈസൂരു വഴി മറ്റൊരു ട്രെയിനും (16518) ഉണ്ടാകും.
ലോക്ഡൗണിനുശേഷം ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരേയൊരു ശ്രമിക് ട്രെയിൻ മാത്രമാണ് ഒാടിച്ചത്. ഇതിനുശേഷം ആദ്യമായാണ് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ഒാടിക്കാനുള്ള നടപടി ദക്ഷിണ പശ്ചിമ റെയിൽവേ സ്വീകരിച്ചത്. ട്രെയിൻ സർവിസ് മംഗളൂരു വഴിയായതിനാൽ കോഴിക്കോട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്പെടില്ല.
അതേസമയം, ബംഗളൂരുവിൽ ഉൾപ്പെടെ രോഗവ്യാപനം ഏറിയ ഘട്ടത്തിൽ അന്തർ സംസ്ഥാന പ്രത്യേക ട്രെയിൻ സർവിസിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കണ്ണൂരിലേക്കുള്ള ട്രെയിൻ സർവിസിനു പുറമെ ഹുബ്ബള്ളി^മൈസൂരു ട്രൈ വീക്കിലി, ഹുബ്ബള്ളി- സെക്കന്ദരാബാദ് ട്രൈ വീക്കിലി, ഹുബ്ബള്ളി^ലോക്മാന്യതിലക് ട്രൈ വീക്കിലി, ഹുബ്ബള്ളി^വാരാണസി ട്രൈ വീക്കിലി, ഹുബ്ബള്ളി^ജോധ്പുര്‍ ട്രൈ വീക്കിലി, ബംഗളൂരു^കാര്‍വാര്‍ ട്രൈ വീക്കിലി സ്‌പെഷല്‍, യശ്വന്തപുര^ഭാഗല്‍പുര്‍ വീക്കിലി തുടങ്ങിയ പ്രത്യേക ട്രെയിൻ സർവിസിനും നിർദേശം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.