ഗാന്ധി അധിക്ഷേപത്തിൽ ഖേദമില്ലെന്ന് ഹിന്ദുമത പുരോഹിതൻ കളിചരൺ മഹാരാജ്

മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളിൽ ഒട്ടും ഖേദമില്ലെന്ന് ഹിന്ദു മതപുരോഹിതൻ കളിചരൺ മഹാരാജ്. ചത്തീസ്ഗഢിൽ കഴിഞ്ഞ ദിവസം നടന്ന 'ധർമ സൻസദ്' ഹിന്ദുമത സമ്മേളനത്തിലായിരുന്നു ഇയാളുടെ അധിക്ഷേപം.

സംഭവത്തിൽ മഹാരാജിനെതിരെ റായ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. 'ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, അധിക്ഷേപങ്ങളിൽ എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഗാന്ധിയെ രാഷ്ട്രപിതാവായി ഞാൻ ഗണിക്കുന്നില്ല. സർദാർ വല്ലഭായി പട്ടേൽ പ്രധാനമന്ത്രിയാകാതിരിക്കാൻ കാരണം മഹാത്മാ ഗാന്ധിയാണ്.

പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ അമേരിക്കയെക്കാളും ശക്തമായ രാജ്യമാകുമായിരുന്നു' -വീഡിയോ സന്ദേശത്തിൽ കളിചരൺ മഹാരാജ് പറഞ്ഞു. വിഡിയോയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മഹാരാജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസെന്നും റായ്പൂർ എസ്.പി പ്രശാന്ത് അഗർവാൾ പറഞ്ഞു.

ഞായറാഴ്ചയാണ് മഹാത്മാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മഹാരാജിനെതിരെ പൊലീസ് കെസെടുത്തത്. റായ്പൂരിലെ മുൻ മേയർ പ്രമോദ് ദുബെ നൽകിയ പരാതിയിലാണ് നടപടി. ഇതേ പരാമർശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലെ അകോല പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റായ്പൂരിലെ രാവൺ ഭാത ഗ്രൗണ്ടിലാണ് ദിവസങ്ങൾക്കുമുൻപ് വിവാദ സമ്മേളനം നടന്നത്. വിവാദ പ്രസംഗത്തിൽ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ മഹാരാജ് പ്രശംസിച്ചിരുന്നു. ഇന്ത്യയെ തകർത്തയാളാണ് ഗാന്ധിയെന്നും അതിനാൽ ഗാന്ധി ഘാതകനായ ഗോഡ്സെയെ താൻ അഭിനന്ദിക്കുന്നുവെന്നും പ്രസംഗത്തിൽ കളിചരൺ മഹാരാജ് പറയുന്നുണ്ട്. ഇന്ത്യയെ രാഷ്ട്രീയത്തിലൂടെ പിടിച്ചടക്കുകയാണ് ഇസ്​ലാമിന്‍റെ ലക്ഷ്യമെന്നും പ്രസംഗത്തിൽ ആരോപിക്കുന്നു.

ഹിന്ദുമതത്തെ സംരക്ഷിക്കാൻ ശക്തനായൊരു നേതാവിനെ തെരഞ്ഞെടുക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു. ഈ മാസം 17 മുതൽ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന വിവാദ ഹിന്ദു സമ്മേളനത്തിനു പിറകെയാണ് ചത്തീസ്ഗഢിലും ധർമ സൻസദ് നടന്നത്. ഹരിദ്വാർ സമ്മേളനത്തിൽ വിവിധ ഹിന്ദു നേതാക്കന്മാർ മുസ്‌ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തിയിരുന്നു.

ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാക്കാൻ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഹിന്ദു നേതാക്കന്മാരുടെ ആഹ്വനം. പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തും അന്താരാഷ്ട്രതലത്തിലും ഉയർന്നത്. 

Tags:    
News Summary - Stand by my comments on Gandhi, says defiant Kalicharan Maharaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.